lakshmi-parvathi

തിരുവനന്തപുരം:വിധി സമ്മാനിച്ച വൈകല്യങ്ങളെ സ്ഥിരോൽസാഹവും കഠിനാദ്ധ്വാനവും കൊണ്ട്

നേരിട്ട് മുന്നേറിയ ഇരട്ടകൾക്ക് ഇന്ത്യൻ എൻജിനിയറിംഗ് സർവീസ് (ഐ.ഇ.എസ്) പരീക്ഷയിലും വിജയത്തിളക്കം.

തിരുവനന്തപുരം തിരുമല സ്വദേശനികളായ ലക്ഷ്മിയും പാർവ്വതിയും ജന്മനായുള്ള കേൾവിക്കുറവിനൊപ്പം ജീവിതത്തിൽ നേരിടേണ്ടി വന്ന മറ്റ് പരീക്ഷണങ്ങളെയും അതിജീവിച്ചാണ് മിന്നുന്ന വിജയത്തിന് ഉടമകളായത്. റാങ്കിലും ഇവർ അടുത്തടുത്ത് തന്നെ. പാർവ്വതിക്ക് 74, ലക്ഷ്മിക്ക് 75.

ഇവരുടെ അമ്മ സീതയ്ക്കും മൂത്ത സഹോദരൻ വിഷ്ണുവിനും കേൾവി തകരാറുണ്ട്. കേൾവി ശേഷിയില്ലാതെ ഇരട്ട പെൺമക്കളും ജനിച്ചതിന് അച്ഛൻ ജീവനൊടുക്കി.വിഷ്ണുവിന്റെ കേൾവിത്തകരാറ് നേരത്തേ കണ്ടുപിടിക്കാത്തതിനാൽ ചികിത്സ ലഭിച്ചില്ല. എന്നാൽ പെൺമക്കൾക്ക് ഈ വിധി ഉണ്ടാകാതിരിക്കാൻ സീത ഇവരെ കുഞ്ഞുനാളിൽ നിഷിലെത്തിച്ചത് വഴിത്തിരിവായി.

നിഷിന്റെ കൈപിടിച്ച്

ഉയരങ്ങളിലേക്ക്

1998ൽ ഒന്നര വയസിൽ നിഷിലെത്തിയ ലക്ഷ്മിയും പാർവ്വതിയും മൂന്നു വർഷത്തെ പരിശീലനം പൂർത്തിയാക്കി 2002ൽ സാധാരണ കുട്ടികൾക്കൊപ്പം പേയാട് കണ്ണശ്ശ മിഷൻ സ്‌കൂളിൽ നാലു വരെ മലയാളം മീഡിയത്തിലും, അ‌ഞ്ചു മുതൽ തിരുമല അബ്രഹാം സ്മാരക സ്‌കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലും പഠിച്ചു. 2019ൽ ഇരുവരും തിരുവനന്തപുരം സി.ഇ.ടിയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദവും 2021ൽ പി.ജിയും സ്വന്തമാക്കി. ലക്ഷ്മിക്ക് ജലവിഭവ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലി കിട്ടി. പാർവ്വതി കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എൻജിനിയറായി. സഹോദരൻ വിഷ്ണു പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയറാണ്. അമ്മ സീത പബ്ലിക് ഓഫീസിലെ ജൂനിയർ സൂപ്രണ്ടും. ഐ.ഇ.എസ് പരിശീലനത്തിന് ശേഷമാകും ലക്ഷ്മിയുടെയും, പാർവ്വതിയുടെയും വിവാഹം.

'സാധാരണ കേൾവി ഉപകരണങ്ങളും കഠിനാദ്ധ്വാനവും കൊണ്ടുനേടിയ ഇവരുടെ അസാധാരണ വിജയം പലർക്കും ആത്മവിശ്വാസവും പ്രോത്സാഹനവുമാണ്.'

-ഡോ.ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസ മന്ത്രി