വിഴിഞ്ഞം: അതിയന്നൂർ ബ്ലോക്ക് ക്ഷീര കർഷകസംഗമം ഇന്ന് ഉച്ചക്കട ക്ഷീരസംഘം അങ്കണത്തിലും ഉച്ചക്കട ടി.ജെ.എം പാരിഷ് ഹാളിലുമായി നടക്കും. ക്ഷീരകർഷക സംഗമം, കന്നുകാലി പ്രദർശനം, എക്‌സിബിഷൻ, ഡോക്യുമെന്ററി പ്രകാശനം, കർഷക സെമിനാർ, പൊതുസമ്മേളനം എന്നീ പരിപാടികളോടെയാണ് ക്ഷീര കർഷക സംഗമം നടക്കുന്നത്.

സമാപന സമ്മേളനവും ഉച്ചക്കട ക്ഷീര സംഘത്തിൽ പുതുതായി നിർമ്മിച്ച സോളാർ പാനലിന്റെ ഉദ്ഘാടനവും വൈകിട്ട് 3ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ഫാർമേഴ്സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനവും മികച്ച ക്ഷീര സംഘത്തിനുള്ള അവാർഡ് വിതരണവും മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

ക്ഷീര കർഷക സംഗമം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.ആർ.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ. ഭാസുരാംഗൻ മികച്ച ക്ഷീര കർഷകനെ ആദരിക്കും. പൊതുസമ്മേളനത്തിൽ എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. മുതിർന്ന ക്ഷീരകർഷകനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ ആദരിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ. രാജ്മോഹനും ക്ഷീര കർഷകക്ഷേമ നിധി ധനസഹായ വിതരണം ക്ഷീര കർഷകക്ഷേമ നിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണനും നിർവഹിക്കും. എക്‌സിബിഷൻ, ഡോക്യുമെന്ററി പ്രകാശനം കന്നുകാലി പ്രദർശനം എന്നിവ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹനും ക്ഷീര കർഷക സെമിനാർ വൈസ് പ്രസിഡന്റ് ബി.ബി. സുനിതാ റാണിയും ഉദ്ഘാടനം ചെയ്യും.