
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുനീക്കം സുഗമമാക്കാൻ ഒമ്പത് മാസം മുമ്പ് കൊട്ടിഘോഷിച്ച് ആരംഭിച്ച കേരള തീരദേശ കപ്പൽ സർവീസ് തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അവരെ നയിക്കുന്നവരുടെയും കെടുകാര്യസ്ഥതമൂലം മരണശയ്യയിലായി. കൊച്ചി, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് ചൗഗ്ലെ 8 എന്ന ചരക്കുകപ്പൽ സർവീസ് കഴിഞ്ഞ വർഷം ജൂലായിൽ കേരള മാരിടൈം ബോർഡ് ആരംഭിച്ചത്.
ചരക്കുനീക്കത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ തുറമുഖങ്ങളിലൊരുക്കാത്തതും, ഇൻസെന്റീവ് കുടിശ്ശിക ഒരു കോടി കടന്നിട്ടും തുക അനുവദിക്കാത്തതുമാണ് സർവീസ് അവസാനിപ്പിക്കാൻ കാരണമായി കപ്പൽ കമ്പനി അധികൃതർ മാരിടൈം ബോർഡ് ചെയർമാനും തുറമുഖ സെക്രട്ടറിക്കും കൈമാറിയ കത്തിൽ വ്യക്തമാക്കിയത്. സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവുകൾ യഥാസമയം നൽകുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നാണ് ഒരാക്ഷേപം. ആദ്യ കത്തിനെ തുടർന്ന് 35ലക്ഷം രൂപ അനുവദിച്ചു. ഏറ്റവുമൊടുവിൽ കത്ത് നൽകിയത് ഈ മാസം 23നാണ്. നടപടിയില്ലാതായതോടെയാണ് സർവീസ് അവസാനിപ്പിക്കുന്നത്. എന്നാൽ, കുടിശ്ശികയെല്ലാം കൊടുത്തുതീർക്കുമെന്നും കപ്പൽസർവീസ് കമ്പനി അവസാനിപ്പിക്കുകയല്ല ചെയ്യുന്നതെന്നുമാണ് തുറമുഖവകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്തെ 17 മൈനർ തുറമുഖങ്ങളും തീരദേശ സർവീസുകളും സംബന്ധിച്ച നയപരമായ തീരുമാനങ്ങളെടുക്കുകയും, അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്യേണ്ട മാരിടൈം ബോർഡിന്റെ കാലാവധി അഞ്ചു വർഷത്തിൽ നിന്ന് മൂന്നു വർഷമായി ചുരുക്കി. ഇതോടെ നിലവിലെ ബോർഡ് ഇല്ലാതായതും തിരിച്ചടിയായി. ബോർഡ് പുനഃസംഘടനയും വൈകുന്നു. മുഖ്യമന്ത്രി ഏറെ താത്പര്യം കാട്ടിയ പദ്ധതി തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് ഇല്ലാതാകുന്ന സ്ഥിതിയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.
ചൗഗ്ലെ 8 പ്രതിസന്ധി
20 അടി നീളമുള്ള 106 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലായിരുന്നു ചൗഗ്ലെ 8. ബേപ്പൂരിലെയും അഴീക്കലിലെയും കപ്പൽച്ചാലുകൾക്ക് ആഴമില്ലാത്തതിനാൽ ഇത്തരം കണ്ടെയ്നറുകൾ കയറ്റാനായില്ല. വർഷങ്ങളായി ഡഡ്ജിംഗ് നടക്കാത്തതിനാൽ അഴീക്കലിലേക്ക് 20 കണ്ടെയ്നറുകൾ എത്തിച്ചത് പാടുപെട്ടാണ്. കപ്പൽചാലിന് ആഴമില്ലാത്തതിനാൽ, വേലിയേറ്റത്തിൽ ജലനിരപ്പുയരുന്നതുവരെ പുറംകടലിൽ കാത്തുകിടക്കേണ്ട സ്ഥിതിയായി. ലക്ഷക്കണക്കിന് രൂപയുടെ ഇന്ധനനഷ്ടവും സമയനഷ്ടവുമാണ് ഓരോ സർവീസിലും കമ്പനിക്കുണ്ടായത്.
" ഇപ്പോഴത്തെ കപ്പൽ സർവീസ് പഴയതാണ്. അത് മാറ്റി പുതിയ കപ്പൽ കൊണ്ടുവരാമെന്ന് കമ്പനി വ്യക്തമാക്കിയതിനാലാണ് ഇപ്പോൾ തത്ക്കാലം നിറുത്തിവയ്ക്കുന്നത്. കമ്പനിക്ക് കൊടുക്കാനുള്ള കുടിശ്ശികയിൽ 35ലക്ഷം കൊടുത്തിട്ടുണ്ട്. ബാക്കിയും കൊടുത്തുതീർക്കും."
- അഹമ്മദ് ദേവർകോവിൽ, തുറമുഖ വകുപ്പ് മന്ത്രി