
ഉത്തരവിൽ കൂസാതെ സർക്കാർ ജീവനക്കാർ
 ശമ്പളംപിടിക്കാൻ കടമ്പകളേറെ
തിരുവനന്തപുരം: പണിമുടക്ക് നേരിടാൻ ഹൈക്കോടതി ഉത്തരവ് പ്രകാരം സർക്കാർ തിരക്കു പിടിച്ചിറക്കിയ ഡയസ്നോൺ ഉത്തരവ്, ഫലത്തിൽ കോടതിയുടെയും ജനങ്ങളുടെയും കണ്ണിൽ പൊടിയിടലായി. സർക്കാർ ഒാഫീസുകൾ പണിമുടക്കിന്റെ രണ്ടാംദിനമായ ഇന്നലെയും ആളനക്കമില്ലാതെ കിടന്നു. ഡയസ്നോണിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം പിടിക്കുന്നതും ത്രിശങ്കുവിലാകാനാണ് സാദ്ധ്യത.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് തിങ്കളാഴ്ച രാത്രിയോടെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചത്. പക്ഷേ, കളക്ടറേറ്റുകളിൽ പോലും ഹാജർ 10 ശതമാനത്തിൽ താഴെയായിരുന്നു. സെക്രട്ടേറിയറ്റിലെ 4824 ജീവനക്കാരിൽ 212പേരാണ് ജോലിക്കെത്തിയത്. ഹാജർനില 5 ശതമാനം. കളക്ടറേറ്റുകളിൽ 12 മുതൽ 19 വരെയാണ് ഹാജർ നില. വില്ലേജ് ഒാഫീസുകളും വിവിധ വകുപ്പ് ഒാഫീസുകളും തുറന്നില്ല. കെ.എസ്.ആർ.ടി.സി സർവീസുകളും നടന്നില്ല. ബസുകൾക്കുനേരെ സമരാനുകൂലികളുടെ കടുത്ത ആക്രമണവും ഉണ്ടായി. കെ.എസ്.ഇ.ബി.യിൽ ഒാഫീസർമാരിൽ 22ശതമാനവും ജീവനക്കാരിൽ 7.5 ശതമാനവുമാണ് ജോലിക്കെത്തിയത്. ആകെ 33,000 ജീവനക്കാരാണുള്ളത്.
ഉത്തരവ് മേമ്പൊടി
ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും പണിമുടക്കിയ രണ്ടുദിവസത്തെയും വേതനം ഇൗ മാസത്തെ ശമ്പളത്തിൽ പിടിക്കാൻ കഴിയില്ല. ശമ്പളബില്ലുകൾ പാസായിക്കഴിഞ്ഞു. വരുംമാസത്തെ ശമ്പളത്തിൽ നിന്ന് ഇത് കുറയ്ക്കണമെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കണം. അങ്ങനെ ഒരുത്തരവിറക്കിയാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യാൻ ജീവനക്കാർക്ക് കഴിയും. യാത്രാസൗകര്യമൊരുക്കാതെ വേണ്ടത്ര സമയമോ സാവകാശമോ നൽകാതെ പുറത്തിറക്കിയ ഡയസ്നോൺ ഉത്തരവ് അനുസരിക്കാതിരുന്നത് മനഃപൂർവ്വമാണെന്ന് സ്ഥാപിക്കാൻ സർക്കാരിനു കഴിയാതെ വരും.
# മറ്റു പഴുതുകൾ
പെട്ടെന്നുള്ള ഉത്തരവിൽ സുരക്ഷയൊരുക്കാൻ പൊലീസിനും കഴിഞ്ഞില്ലെന്ന് പറയാം. പ്രത്യേക വാഹനസൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. ലീവ് നൽകാനോ അതിൽ തീരുമാനമെടുക്കാനോ സാവകാശമുണ്ടായിരുന്നില്ല. ലീവായി പരിഗണിക്കാൻ
ഇതോടെ വഴിയൊരുങ്ങും. അതാണ് പതിവായ രാഷ്ട്രീയതന്ത്രവും.
#സർക്കാരിന് നഷ്ടം
217 കോടി
സർക്കാർ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം പിടിച്ചാൽ സർക്കാരിനുണ്ടാകുന്ന നേട്ടം 217 കോടി രൂപയാണ്. അതാണ് നഷ്ടമാകുന്നത്. 5.6ലക്ഷം സർക്കാർ ജീവനക്കാരാണുള്ളത്.
#ഹോട്ടൽ നഷ്ടം
200-250 കോടി
'' ഹോട്ടൽ, റസ്‌റ്റോറന്റ് മേഖലയ്ക്ക് രണ്ടുദിവസങ്ങളിലായി 200-250 കോടി രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ട്. ബേക്കറികളുടേത് ഇതിന് പുറമേയാണ്"
- ജി. ജയപാൽ,
സംസ്ഥാന പ്രസിഡന്റ്, കെ.എച്ച്.ആർ.എ
#നികുതി നഷ്ടം
300 കോടി
'' വ്യാപാരികളിൽ നിന്ന് നികുതിയിനത്തിൽ ലഭിക്കുമായിരുന്ന 300 കോടി രൂപയുടെ വരുമാനമാണ്. വ്യാപാരിസമൂഹം നേരിട്ട വില്പനനഷ്‌ടത്തിന്റെ ആഴം ഇതിൽ നിന്ന് മനസിലാക്കാം"
- രാജു അപ്സര,
ജനറൽ സെക്രട്ടറി, വ്യാപാരി
വ്യവസായി ഏകോപന സമിതി