mar29e

ആറ്റിങ്ങൽ: പണിമുടക്ക് അനുഭാവികൾ ആംബുലൻസ് തട‍ഞ്ഞ് ഡ്രൈവറെ മ‌ർദ്ദിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ഇന്നലെ വൈകിട്ട് 3 ഓടെയായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവറായ പാരിപ്പള്ളി സ്വദേശി ജീവനാണ് (22)​ മർദ്ദനമേറ്റത്. ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച കോരാണി സനലിനെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.

പാരിപ്പള്ളിയിൽ നിന്ന് ലൈഫ് ബീറ്റ് എന്ന ആംബുലൻസിൽ രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി രോഗിയുമായി മടങ്ങവേയായിരുന്നു സംഭവം. ആംബുലൻസ് തടഞ്ഞ പണിമുടക്ക് അനുകൂലികളോട് ഇത് ആവശ്യ സർവീസാണെന്ന് ഡ്രൈവർ പറഞ്ഞത് പ്രവർത്തകർക്ക് പിടിച്ചില്ല. അതിന്റെ പേരിൽ ഡ്രൈവറും പ്രവർത്തകരും തമ്മിൽ വാക്കേറ്റമായി. തുടർന്നാണ് കോരാണി സനൽ ഡ്രൈവറെ മർദ്ദിച്ചതെന്നാണ് പരാതി. സംഭവമറിഞ്ഞെത്തിയ ആറ്റിങ്ങൽ പൊലീസ് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.