panimudakk

തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ രണ്ടാംദിവസവും കേരളം അടഞ്ഞു കിടന്നു. കോടതി ഇടപെടലിനെ തുടർന്ന് ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും സർക്കാർ ജീവനക്കാർ ഇന്നലെയും ഒാഫീസുകളിലെത്തിയില്ല. സ്വകാര്യവാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങി. ട്രെയിൻ സർവ്വീസ് മുടക്കമില്ലാതെ നടന്നു. ഐ.ടി കമ്പനികളിൽ 60 ശതമാനവും പ്രവർത്തിച്ചു. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ടൂറിസം മേഖല പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളും സിനിമാ തിയേറ്ററുകളും തുറന്നില്ല. റേഷൻകടകളും പ്രവർത്തിച്ചില്ല. തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഷട്ടർ അടച്ചിട്ട് ജീവനക്കാർ ജോലി ചെയ്തു. സംസ്ഥാന വ്യാപകമായി 6,973 റേഷൻ കടകൾ തുറന്നു.

സെക്രട്ടേറിയറ്റിൽ 212 പേരും കളക്ടറേറ്റുകളിൽ 20 ൽ താഴെ ആളുകളുമാണ് ജോലിക്കെത്തിയത്. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി തുടങ്ങി അവശ്യസർവ്വീസ് വിഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പൊതുപണിമുടക്ക് ഹർത്താലല്ലെന്നും കടകൾ തുറക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിറക്കിയെങ്കിലും സമരാനുകൂലികളുടെ സമീപനത്തിലോ അക്രമത്തിലോ മാറ്റമുണ്ടായില്ല.

തിരുവനന്തപുരത്ത് കഴക്കൂട്ടം, പേട്ട, വിതുര എന്നിവിടങ്ങളിലും പാലക്കാട്, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലും സ്വകാര്യവാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതിയുണ്ട്. ലുലുമാളിൽ ജോലിക്കെത്തിയ ക്ളീനിംഗ് വിഭാഗം ജീവനക്കാരെ സമരാനുകൂലികൾ ഗേറ്റിൽ തടഞ്ഞുവച്ചു. പാപ്പനംകോട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിച്ചു. ഉളളൂരിൽ പെട്രോൾ പമ്പ് അടപ്പിച്ചു. കൊല്ലത്തും ചാലക്കുടിയിലും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു.

കൊല്ലത്ത് കടയ്ക്കൽ ചിതറ സ്കൂളിൽ ജോലിക്കെത്തിയ അദ്ധ്യാപകരെ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടു. പൊലീസ് എത്തിയതോടെയാണ് റൂം തുറന്നത്.

മൂന്നാറിൽ സമരാനുകൂലികൾ പൊലീസുമായി ഏറ്റുമുട്ടിയതിനിടെ ദേവികുളം എം.എൽ.എ.എ രാജയ്ക്ക് മർദ്ദനമേറ്റതായി പരാതിയുണ്ട്.

എറണാകുളത്തും മലപ്പുറത്തും തുറന്ന കടകൾ അടപ്പിച്ചു. കോഴിക്കോട്ട് ടൗണിൽ കടതുറന്ന വ്യാപാരിയുടെ മുഖത്തടിച്ചു. അരീക്കാട്, രാമനാട്ടുകര, നാദാപുരം എന്നിവിടങ്ങളിലും കട തുറക്കുന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടായി.

ആലത്തൂർ പാടൂർ വൈദ്യുതി സെക്ഷൻ ഓഫീസിൽ അസി. എൻജിനിയർ അടക്കം എട്ട് ജീവനക്കാർക്ക് മർദ്ദനമേറ്റു.