
| രാജ്യ സുരക്ഷ ഉറപ്പാക്കിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയിൻ കീവ്, ചെർണീവ് ആക്രമണം കുറയ്ക്കുമെന്ന് റഷ്യ 
 ഇസ്താംബുൾ:റഷ്യ - യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്നലെ തുർക്കി തലസ്ഥാനമായ ഇസ്താംബുളിൽ നടന്ന ചർച്ചയിൽ പുരോഗതി. റഷ്യൻ പ്ര സിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും തമ്മിൽ കൂടിക്കാഴ്ചയ്‌ക്ക് സാദ്ധ്യത തെളിഞ്ഞെന്നാണ് സൂചന. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ റഷ്യയുടെ ഉറപ്പ് നൽകിയാൽ നാറ്റോയിൽ ചേരില്ലെന്നും നിഷ്പക്ഷ നിലപാടിന് തയ്യാറാകുമെന്നും ചർച്ചയിൽ യുക്രെയിൻ വ്യക്തമാക്കി.പിന്നാലെ, കീവ്, ചെർണീവ് നഗരങ്ങൾക്ക്ചുറ്റുമുള്ള ആക്രമണങ്ങൾ ഗണ്യമായി കുറയ്‌ക്കാമെന്ന് റഷ്യയും ഉറപ്പ് നൽകി. തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ ഓഫീസിൽ റഷ്യൻ പ്രതിനിധി വ്ലാഡിമിർ മെഡിൻസ്‌കിയും യുക്രെയിൻ പ്രതിനിധി ഡേവിഡ് അർഖാമിയയും തമ്മിലാണ് ചർച്ച നടന്നത്. തുർക്കി ചർച്ചയോടെ യുക്രെയിനിന്റെ നിഷ്പക്ഷ നിലപാടും ആണവരഹിത രാഷ്‌ട്രമെന്ന നിർദ്ദേശവും പ്രായോഗിക തലത്തിലേക്ക് നീങ്ങിയതായും ആ പശ്ചാത്തലത്തിൽ കീവ്, ചെർണീവ് നഗരങ്ങളിലെ റഷ്യൻ സൈനിക നടപടി പലമടങ്ങ് കുറയ്ക്കാൻ തീരുമാനിച്ചതായും റഷ്യൻ പ്രതിരോധ ഉപമന്ത്രി അലക്സാണ്ടർ ഫോമിനും പറഞ്ഞു. ഇരുപക്ഷവും തമ്മിൽ ഇതുവരെ നടന്ന ചർച്ചകളിൽ ആദ്യമായാണ് ശുഭസൂചയുണ്ടാകുന്നത്. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ സമാധാന ഉടമ്പടിക്കുള്ള നീക്കങ്ങൾ തുടങ്ങുന്നതിനൊപ്പമായിരിക്കും പുട്ടിൻ - സെലെൻസ്കി ചർച്ച. തുർക്കി ചർച്ചയോടെ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നതായി യുക്രെയിൻ സംഘവും വ്യക്തമാക്കി. റഷ്യയുടെ നിഷ്പക്ഷ രാഷ്ട്ര പദവിയെന്ന ആവശ്യം പരിഗണിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ ചർച്ച വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷ. സുരക്ഷാ ഗാരന്റിക്കുള്ള യുക്രെയിന്റെ നിർദ്ദേശങ്ങളിൽ അമേരിക്ക, ബ്രിട്ടൻ, തുർക്കി, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ ജാമ്യക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും യുക്രെയിനെ സംരക്ഷിക്കാൻ അവർക്ക് നിയമപരമായി ഇടപെടാൻ ബാദ്ധ്യതയുണ്ടാകുമെന്നും യുക്രെയിൻ പ്രതിനിധി പറഞ്ഞു. അതേസമയം, യുക്രെയിൻ യൂറോപ്യൻ യൂണിയനിൽ ചേരുന്നത് റഷ്യ എതിർക്കരുതെന്ന എന്ന നിബന്ധന യുക്രെയിൻ മുന്നോട്ട് വച്ചിട്ടുണ്ട്. |