
കല്ലമ്പലം: സ്വകാര്യ ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിൽ കവർച്ച. കല്ലമ്പലം - വർക്കല റോഡിൽ പ്രവർത്തിക്കുന്ന റോയൽ ക്ലിനിക്കിന്റെ മെഡിക്കൽ സ്റ്റോറിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനായിരുന്നു സംഭവം. മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് മൂവായിരം രൂപയും മരുന്നുകളും സിറിഞ്ച് ഉൾപ്പെടെയുള്ള മറ്റു സാധനങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്.
രണ്ടുപേർ കവർച്ച നടത്തുന്ന ദൃശ്യങ്ങൾ ആശുപത്രിയുടെ സി.സി ടിവിയിൽ ലഭിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോറിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രഭാതസവാരിക്കിറങ്ങിയ ആൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ പൊലീസ് സ്ഥലത്തെത്തുംമുമ്പ് പ്രതികൾ രക്ഷപെട്ടു. ഹോസ്‌പിറ്റൽ ഉടമ ഡോ. സമീറിന്റെ പരാതിയിൽ കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.