rajendran

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളെ (38) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കന്യാകുമാരി സ്വദേശി രാജേന്ദ്രനെതിരെ (39) പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.

പൂജപ്പുര സെൻട്രൽ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രാജേന്ദ്രനെതിരെ അന്വേഷണം പൂർത്തിയായതായി പേരൂർക്കട സി.ഐ സജികുമാർ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 6നായിരുന്നു നഗരത്തെ നടുക്കിയ സംഭവം. വിനിതയുടെ സ്വർണമാല കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം. ചെടികൾക്ക് വെള്ളമൊഴിക്കാൻ നഴ്സറിയിലെത്തിയ വിനിതയെ പേരൂർക്കടയിലെ ടീസ്റ്റാൾ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ ചെടിവാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു.

കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനിതയെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയശേഷം മാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11ന് തിരുനെൽവേലിക്ക് സമീപത്തെ കാവൽക്കിണറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ മൂന്ന് കൊലപാതകക്കേസുകളിലും ഒരു വധശ്രമത്തിലും നിരവധി കവർച്ചാക്കേസുകളിലും പ്രതിയാണിയാൾ.

ദൃക്‌സാക്ഷികളില്ല, സാഹചര്യത്തെളിവുകൾ നിർണായകം

ദൃക്‌സാക്ഷികളുണ്ടായിരുന്നില്ലെങ്കിലും സാഹചര്യത്തെളിവുകളും മറ്റ് രേഖകളും കേസിൽ നിർണായകമാണ്. രാജേന്ദ്രനെതിരെ കൊലപാതകം, കവർച്ച എന്നിവയ്‌ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലയ്‌ക്കുശേഷം രാജേന്ദ്രൻ പേരൂർക്കടയിലെ ടീ സ്റ്റാളിലെ പൈപ്പിനുള്ളിൽ ഒളിപ്പിച്ച കത്തി പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തിനുശേഷം പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ, ബൈക്ക് യാത്രക്കാരൻ തുടങ്ങി 110 പേരെ കേസിൽ പൊലീസ് സാക്ഷികളാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയ വിനിതയുടെ മാല കണ്ടെത്താൻ കഴിഞ്ഞതും മാല പണയംവച്ച പണം ഭാഗികമായാണെങ്കിലും വീണ്ടെടുക്കാനായതും കേസിൽ നിർണായകമാണ്. പണയ രസീതുൾപ്പെടെ 85ഓളം രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിനിടെ രാജേന്ദ്രന്റെ കൈയിലുണ്ടായ മുറിവിന്റെ ഫോറൻസിക് പരിശോധനാ ഫലമുൾപ്പെടെ സുപ്രധാനമായ തെളിവുകൾ പൊലീസ് ശേഖരിച്ചു. ഹോട്ടൽ ജോലിക്കിടെ ചിരവ കൊണ്ട് മുറിവേറ്റതാണെന്ന പേരിൽ അന്വേഷണം വഴിതെറ്റിക്കാനായിരുന്നു രാജേന്ദ്രന്റെ ശ്രമം. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമവിദഗ്ദ്ധരുടെ ഉപദേശവും പൊലീസ് തേടിയിട്ടുണ്ട്. സ്വാഭാവിക ജാമ്യത്തിനുള്ള അവസരമില്ലാതാക്കി പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.