
100 കോടി ക്ളബിൽ ഇടം നേടി മമ്മൂട്ടി - അമൽ നീരദ് ടീമിന്റെ ഭീഷ്മപർവ്വം. തിയേറ്ററിൽ നിന്നും സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളിൽ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മപർവം നേടിയിരിക്കുന്നത്. ബിഗ് ബി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കുശേഷം 15 വർഷം കഴിഞ്ഞു മമ്മൂട്ടിയും സംവിധായകൻ അമൽ നീരദും ഒന്നിക്കുന്ന സിനിമ ചിത്രീകരണത്തിനു മുൻപേ ശ്രദ്ധ നേടിയിരുന്നു. തിയേറ്ററുകളിൽ നിന്നു കോടികൾ വാരിയതിനു പിന്നാലെ ചിത്രം ഒ.ടി.ടി റിലീസിനും എത്തുന്നു. മൈക്കിളപ്പ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, മനോഹരി ജോയി, അരുൺകുമാർ, ശ്രിന്ദ, ലെന, വീണ നന്ദകുമാർ, സുദേവ് നായർ ഉൾപ്പെടെ വൻ താരനിര തന്നെയുണ്ട്. അമൽ നീരദും ദേവത്ത് ഷാജിയും ചേർന്നാണ് രചന. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിന് ആനന്ദ് സി. ചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിച്ചത്.