
തിരുവനന്തപുരം: സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധി വെറും സാങ്കേതികം മാത്രമാണെന്നും സിൽവർലൈനിന് വേണ്ടി ആര് കല്ലിട്ടാലും പിഴുതെറിയുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തെ പണയപ്പെടുത്തി ജപ്പാനിൽ നിന്ന് ലോണെടുക്കാനും അതിലൂടെ കോടികളുടെ അഴിമതിക്കുമാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തെ പണയപ്പെടുത്താനാണ് ഈ ധൃതി. പദ്ധതി എന്താണെന്ന ധാരണ മന്ത്രിമാർക്ക് പോലുമില്ല. സജി ചെറിയാൻ വീണിടത്ത് കിടന്ന് ഉരുളുകയാണ്. അതിന്റെ നാണക്കേട് മറയ്‌ക്കാനാണ് ഇപ്പോൾ കല്ലിടാൻ നടക്കുന്നത്.
ലോകായുക്ത ഓർഡിനൻസിൽ സി.പി.ഐയുടെ എതിർപ്പിൽ ആത്മാർത്ഥതയില്ല. സർക്കാരിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റും. സർക്കാരിനെ പ്രതിപക്ഷത്തിനൊപ്പം നിന്ന് വിമർശിക്കും. എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ രണ്ടു പേരും ഒന്നാകുമെന്നും സതീശൻ പരിഹസിച്ചു.