വർക്കല: പ്രവർത്തകർക്കെതിരെ വർക്കലയിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് അയിരൂർ പൊലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ മാർച്ച് നടത്തി. സി.പി.ഐ പ്രവർത്തകർക്കെതിരെ സി.പി.എം പിന്തുണയോടെ സാമൂഹിക വിരുദ്ധർ അക്രമങ്ങൾ നടത്തുകയാണെന്ന് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം ഓടയം മിസ്‌കീൻ തെരുവിൽ സി.പി.ഐയുടെ കൊടിമരം നശിപ്പിച്ചിരുന്നു. ഇതിനെതിരെ അയിരൂർ പൊലീസിൽ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കൂടാതെ സി.പി.ഐ ഓടയം ബ്രാഞ്ച് സെക്രട്ടറി ഷബീറിനെ സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ മർദ്ദിക്കുകയും ചെയ്തു. തുടരെയുള്ള അക്രമങ്ങളിൽ പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്നും സി.പി.ഐ ആരോപിച്ചു. സി.പി.ഐ നേതാക്കളായ വി. മണിലാൽ, വി. രഞ്ജിത്ത്, എഫ്. നഹാസ്, ടി. ജയൻ, എസ്. ബാബു, ഷിജി ഷാജഹാൻ, ഷിജു അരവിന്ദ്, സി. വിനോദ്, പി. ഉണ്ണിക്കൃഷ്ണൻ, കെ. സുജാതൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.