photo

നെടുമങ്ങാട്: നെടുമങ്ങാട് റവന്യൂ ടവറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് സമീപത്തു നിന്ന മരം പിഴുതുവീണു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ഓടെ ആയിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശി മുജീബിന്റെ കാറിനും പാലോട് ഇളവട്ടം സ്വദേശി ഷൺമുഖസുന്ദരത്തിന്റെ ഓട്ടോറിക്ഷയ്ക്കും സമീപമുണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നെടുമങ്ങാട് കുടുംബകോടതിയിൽ കേസുമായി ബന്ധപ്പെട്ടെത്തിയ വെഞ്ഞാറമൂട് സ്വദേശി മുജീബ് വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് മരം വീണത്. ഈ സമയം വാഹനത്തിലുണ്ടായിരുന്ന മുജീബിന്റെ പിതാവും ഭാര്യയും വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാലും സമീപത്തുണ്ടായിരുന്നവർ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം വരുമെന്ന് മുജീബും 20,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഷൺമുഖനും പറഞ്ഞു. നെടുമങ്ങാട് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.