വെള്ളനാട്: വെള്ളനാട്ട് തെരുവുവിളക്ക് മെയിന്റനൻസ് നടത്തുന്ന കരാറുകാരനെ ഭീഷണിപ്പെടുത്തി പഞ്ചായത്തംഗം പണം വാങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. പഞ്ചായത്തിൽ തെരുവുവിളക്കിന്റെ കരാറെടുത്തിരിക്കുന്ന കാരോട് വിമലഗിരി ജെ.എസ്. നിലയത്തിൽ എസ്. പ്രിൻസാണ് പരാതി നൽകിയിരിക്കുന്നത്. തെരുവ് വിളക്കുകൾ മെയിന്റനൻസ് ചെയ്യുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനുമാണ് പ്രിൻസ് കരാറെടുത്തത്. വാർഡുകളിൽ കരാറുകാരൻ മെയിന്റനൻസ് നടത്തുന്ന ലൈറ്റുകളുടെ വിവരം വാർഡ് മെമ്പർമാർ സാക്ഷ്യപ്പെടുത്തണം. എന്നാൽ ടൗൺ വാർഡ് മെമ്പർ എസ്. കൃഷ്ണകുമാർ സാക്ഷ്യപത്രം നൽകിയിരുന്നില്ല. പ്രിൻസ് ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ പരാതിപ്പെടുകയും ചെയ്തു. ഇതിനിടെ കരാറുകാരൻ കള്ളസാക്ഷ്യപത്രം നൽകിയതായി കൃഷ്ണകുമാറും ആരോപിച്ചു. ഇതോടെയാണ് കരാറുകാരൻ പരസ്യമായി കൃഷ്ണകുമാറിനെതിരെ പ്രസിഡന്റിന് പരാതി നൽകിയത്. നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് 3000 രൂപ നേരിട്ടും 22,000 രൂപ കൃഷ്ണകുമാറിന്റെ അക്കൗണ്ടിലും നൽകിയതായും എന്നാൽ വീണ്ടും മെയിന്റനൻസ് ചെയ്തിട്ടും സാക്ഷ്യപത്രം നൽകാതെ 2 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പ്രിൻസ് നൽകിയ പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതായും സംഭവത്തെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്‌മിയും വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠനും അറിയിച്ചു.