തിരുവനന്തപുരം: പീക്ക് അവറിൽ വൈദ്യുതി ലാഭിക്കണമെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ജലവൈദ്യുത പദ്ധതികൾ ആവശ്യമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പന്തലക്കോട് 110 കെ.വി സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പീക്ക് അവറിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാനായാൽ 20 രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതിയിൽ വലിയൊരു കുറവ് വരുത്താനാകുമെന്നും കൂടുതൽ പേർക്ക് വൈദ്യുതി ലഭ്യമാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 24 മെഗാവാട്ട് ശേഷിയുള്ള പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി അടുത്ത മാസം കമ്മിഷൻ ചെയ്യും. കൂടാതെ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ, 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ, 24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താൻകെട്ട് എന്നീ പദ്ധതികളും ഈ സാമ്പത്തിക വർഷം പൂർത്തിയാകും. പന്തലക്കോട് 110 കെ.വി സബ്‌സ്റ്റേഷൻ വരുന്നതോടെ വെമ്പായം, പോത്തൻകോട്, കരകുളം പഞ്ചായത്തുകളിലെയും തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള ചില പ്രദേശങ്ങളിലെയും ഏകദേശം 27,000 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വൈദ്യുതി ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ ഡോ. ബി. അശോക്, പ്രസരണ വിഭാഗം ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ് എന്നിവർ പങ്കെടുത്തു.