ard

പൂവച്ചൽ: ജനവാസ മേഖലയിൽ ബെവ്കോ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധ സംഗമവും മാർച്ചും സംഘടിപ്പിച്ച് അരുവിക്കുഴി നിവാസികൾ. നിലവിൽ കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റാണ് പൂവച്ചൽ കല്ലാമം വാർഡിലെ അരുവിക്കുഴിയിലേക്ക് മാറ്റാൻ നീക്കം നടത്തുന്നത്.

ജനവാസം കൂടുതലുള്ള മേഖലയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നത്. മൈലൂരിക്കോണം ശ്രീ മന്ത്രമൂർത്തീ ക്ഷേത്രത്തിൽ നിന്ന് കേവലം 30മീറ്റർ ദൂരം മാറിയാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഔട്ട്‌ലെറ്റ് വരികയാണെങ്കിൽ ക്ഷേത്ര ആരാധനയെ ബാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. ഔട്ട‌്‌ലെറ്റിലെ തിരക്കുകാരണം സ്വതന്ത്രമായി വഴിനടക്കാനാകാത്ത സ്ഥിതിയാകുമെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ബെവ്‌കോ എം.ഡിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. സ്‌കൂൾ കുട്ടികളും മുഖ്യമന്ത്രിക്ക് പ്രത്യേക പരാതി നൽകിയിട്ടുണ്ട്. ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാരുടെയും ക്ഷേത്ര ട്രസ്റ്റിന്റെയും സംയുക്ത യോഗം ആവശ്യപ്പെട്ടെങ്കിലും എക്സൈസും മറ്റ് ഉദ്യോഗസ്ഥരും നീക്കവുമായി മുന്നോട്ടുപോവുകയാണ്. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,​ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ശശി, ഗോപകുമാർ, പരുത്തിപ്പള്ളി സുരേന്ദ്രൻ, അലിഖാൻ, സുന്ദരേശൻ, ബോബൻ, സുരേഷ് കുമാർ, വൈ. ബിനു, സ്വയംപ്രഭ, സുന്ദരേശൻ, ശശികുമാർ, കള്ളിക്കാട് ചന്ദ്രബാബു, വിജുകുമാർ, പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. ബെവ്കോ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിനെതിരെ റിലേ സത്യഗ്രഹവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ദിവസവും പ്രതിഷേധ റിലേ സമരവും വൈകുന്നേരങ്ങളിൽ യോഗവും നടക്കും.