1

വിഴിഞ്ഞം: അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായ ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും ആലയ് പദ്ധതിയുടെ പുതുക്കിയ സോഫ്ട്‌വെയറിന്റെയും രജിസ്ട്രേഷന്റെയും ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. തൃശൂർ, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്ററുകൾ വെർച്വലായാണ് ഉദ്ഘാടനം നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് സഹായം ലഭിക്കുന്നതിനായി ഹിന്ദി, ബംഗാളി, മലയാളം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്നവരെ ഇവിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ജോലി, ബാങ്കിംഗ്, ആരോഗ്യം, യാത്ര,​ അപകടത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള സഹായം ലഭ്യമാക്കൽ നിയമ പരിരക്ഷ സംബന്ധിച്ച് അവബോധം നൽകൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും. മെച്ചപ്പെട്ട വാടക കെട്ടിടം ലഭ്യമാക്കുകയാണ് ആലയ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. എം. വിൻസന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സി.പി.എം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, വി.ആർ. പ്രതാപൻ, പി.എസ്. നായിഡു, കെ. മനോജ് കുമാർ, ഡോ. എസ്. ചിത്ര തുടങ്ങിയവർ സംസാരിച്ചു.