തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്രേഷൻ പ്ളാറ്റ് ഫോമിൽ മദ്യപിച്ച് ബഹളംവച്ചത് ചോദ്യംചെയ്ത വക്കീൽ ഗുമസ്തനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ആനയറ മുഖക്കാട് തോപ്പിൽ ലെയ്ൻ കിഴക്കേതോപ്പ് വീട്ടിൽ പ്രദീപിനെയാണ് കോടതി ശിക്ഷിച്ചത്. 2016 മാർച്ച് 17നാണ് കേസിനാസ്പദമായ സംഭവം. പാപ്പനംകോട് എൻ.എസ്.എസ് കരയോഗം റോഡ് വിളയിൽ വീട്ടിൽ ടി. ബിനുവാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചിരുന്ന പ്രദീപ് റെയിൽവേ പ്ളാറ്റ് ഫോമിലൂടെ നടന്നു പോകുന്നവരെ തെറിപറഞ്ഞത് ബിനു ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം. പ്രകോപിതനായ പ്രതി ബിനുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രിയൻ, ഡി.ജി. റെക്സ് എന്നിവർ ഹാജരായി.