sp

തിരുവനന്തപുരം: എസ്.പി പി. ബിജോയ് ഇന്നലെ സർവീസിൽ നിന്ന് വിരമിച്ചതോടെ, നാഥനില്ലാ കളരിയായി തിരുവിതാംകൂർ ദേവസ്വം വിജിലൻസ്.

നിലവിൽ സൗത്ത് സോണിലെ ഒരു എസ്.ഐ മാത്രമാണ് ദേവസ്വത്തിന് കീഴിലെ 1200ഓളം ക്ഷേത്രങ്ങളിൽ പരാതികൾ പരിശോധിക്കാനുള്ളത് മൂന്ന് എസ്.ഐമാരും മൂന്ന് സി.പി.ഒമാരും വേണ്ടിടത്താണിത്. ശരാശരി ഒരു മാസം 30ഓളം പരാതികളാണ് വിവിധ ക്ഷേത്രങ്ങളിൽ നിന്നും ഭരണസമിതികളിൽ നിന്നും ലഭിക്കുന്നത്. ഇതിന് പുറമെ, ക്ഷേത്രങ്ങളിലെ പതിവ് പരിശോധനയും മറ്റ് പരാതികളിലെ അന്വേഷണവും റിപ്പോർട്ട് സമർപ്പിക്കലുമടക്കം നിരവധി ജോലികൾ വേറെയും. സെൻട്രൽ, നോർത്ത് സോണുകളിലാണ് ഇനി എസ്.ഐമാരെ നിയമിക്കേണ്ടത്. മൂന്ന് സോണുകളിലും സി.പി.ഒമാരുടെ പോസ്റ്റും ഒഴിച്ചിട്ടിരിക്കുകയാണ്.

2018-19 ലെ ശബരിമല തീർത്ഥാടനകാലത്ത് നിലയ്ക്കലിൽ ദേവസ്വം മെസിന്റെ പേരിലെ

പണം തട്ടിപ്പ്, മാവേലിക്കര ഡിവിഷനിൽ ചെയ്യാത്ത മരാമത്ത് പണിക്ക്‌ പണം എഴുതിയെടുക്കൽ, ശംഖുംമുഖം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്റെ ഭാഗം കാണാതാകൽ തുടങ്ങി ഒട്ടേറെ ക്രമക്കേടുകളാണ് ദേവസ്വം വിജിലൻസ് സമീപകാലത്ത് കണ്ടെത്തിയത്. ക്രമക്കേടുകൾ തുടരത്തുടരെ പുറത്തായതോടെ എസ്.പി. പി. ബിജോയിയെ പിൻവലിക്കാൻ നീക്കമുണ്ടായി. എന്നാൽ ബോർഡ് ഇതിന് അനുകൂലമായിരുന്നില്ല. വിരമിക്കൽ തീയതി അടുത്തിരിക്കുന്ന ബിജോയിയെ മാറ്റുന്നതിനെതിരെയും, ജീവനക്കാരുടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. തുടർന്ന്, ബിജോയിയെ തുടരാൻ അനുവദിക്കുകയും, ദേവസ്വം വിജിലൻസിനെതിരായ സർക്കാർ നീക്കത്തെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

മതിയായ പൊലീസ് ഉദ്യോഗസ്ഥരില്ലാതെ ഒരന്വേഷണവും കാര്യമായി

നടക്കില്ല.

-പി.ബിജോയ്

മുൻ ദേവസ്വം വിജിലൻസ് എസ്.പി