
പ്രതികൾ സ്റ്റുഡന്റ്സ് സെന്ററിലുണ്ടെന്ന് കെ.എസ്.യു
തിരുവനന്തപുരം: ലാ കോളേജിൽ കെ.എസ്.യു വനിതാ നേതാവ് സഫ്‌നയെ നടുറോഡിൽ വലിച്ചിഴച്ച് മർദ്ദിച്ച കേസിൽ പൊലീസ് അന്വേഷണം പാതിവഴിയിൽ. വിദ്യാർത്ഥികളെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ അഞ്ചാം പ്രതിയായ ഗോകുൽ രവീന്ദ്രനെ ബുധനാഴ്‌ച പൊലീസ് പിടികൂടിയെങ്കിലും മറ്റുള്ള പ്രതികളെ കണ്ടുപിടിക്കാനായിട്ടില്ല. ഇരുകേസിലെ പ്രതികളും സംഭവശേഷം ഒളിവിലാണ്.
സംഘർഷം നടന്ന് പിറ്റേദിവസം തന്നെ പ്രതികൾ ഗോവയിലേക്ക് കടന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ പ്രതികൾ സർവകലാശാലയുടെ സ്റ്റുഡന്റ്സ് സെന്ററിനുള്ളിലുണ്ടെന്നാണ് കെ.എസ്.യു ആരോപണം. പ്രതികൾ ഒളിവിലല്ലെന്നാണ് എസ്.എഫ്.ഐ നേതൃത്വത്തിന്റെ വിശദീകരണം.
സഫ്‌നയെ മർദ്ദിച്ച കേസ് മ്യൂസിയം പൊലീസും വിദ്യാർത്ഥികളെ വീട്ടിൽ കയറി മർദ്ദിച്ച കേസ് മെഡിക്കൽ കോളേജ് പൊലീസുമാണ് അന്വേഷിക്കുന്നത്. അതേസമയം,എസ്.എഫ്.ഐക്കാരെ മർദ്ദിച്ച കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസുകൾ നിയമപരമായി നേരിടുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്ത് കേരളകൗമുദിയോട് പറഞ്ഞു.
അഭിനന്ദ് രക്ഷപ്പെട്ടു
പരീക്ഷയെഴുതാനെത്തിയ ഗോകുൽ രവീന്ദ്രനെ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് മെഡിക്കൽ കോളേജ് പൊലീസ്
അറസ്റ്റുചെയ്‌തത്. എന്നാൽ ഗോകുലിനൊപ്പം പരീക്ഷയെഴുതാനെത്തിയ മറ്റൊരുപ്രതി അഭിനന്ദ് നാടകീയമായി കാമ്പസിൽ നിന്ന് രക്ഷപ്പെട്ടു.
ഇരുവരും പരീക്ഷയെഴുതാനെത്തിയ കാര്യം കെ.എസ്.യു പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്. പരീക്ഷ കഴിയുന്നതുവരെ പൊലീസ് പുറത്ത് കാത്തുനിന്നു. പരീക്ഷ കഴിഞ്ഞപ്പോൾ ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഗോകുലും അഭിനന്ദും. പൊലീസ് പിന്തുടരുന്നതിനിടെ സിനിമാ സ്റ്റൈലിൽ മറ്റൊരു കാർ വന്നുനിൽക്കുകയും അഭിനന്ദ് അതിൽകയറി രക്ഷപ്പെടുകയുമായിരുന്നു. ഇരുചക്ര വാഹനത്തിന് പിന്നാലെ പോയ പൊലീസ് ഗോകുലിനെ അറസ്റ്റുചെയ്‌ത് സ്റ്രേഷനിലേക്ക് മടങ്ങി.
ഭീതി മാറാതെ വിദ്യാർത്ഥികൾ
അറസ്റ്റുചെയ്യുന്നതിനിടെ ഗോകുൽരവീന്ദ്രനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയിരുന്നെന്നും തങ്ങൾക്കുനേരെയുണ്ടായ കൈയേറ്റശ്രമം പൊലീസ് ഇടപെട്ട് തടയുകയായിരുന്നെന്നും കെ.എസ്.യു പ്രവർത്തകർ പറഞ്ഞു. സംഘർഷത്തിനുശേഷം രണ്ടാഴ്‌ച ഓൺലൈനായിട്ടായിരുന്നു ക്ലാസുകൾ. ഇന്നലത്തോടെ ഈ അദ്ധ്യയന വർഷം അവസാനിച്ചു. രണ്ടുമാസത്തെ അവധിക്കുശേഷം ജൂണിലായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക. സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി പരിശീലനം നടത്തേണ്ടതുണ്ടെന്നും ഈ സാഹചര്യത്തിൽ കാമ്പസിൽ വരുന്നതിൽ ഭയമുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.