
രാജ്യത്ത് 2024 വരെ പുതിയ എൻജിനിയറിംഗ് കോളേജുകൾ അനുവദിക്കില്ലെന്ന് ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) വ്യക്തമാക്കിയിരിക്കുന്നു. നിലവിലുള്ള കോളേജുകളിൽ തന്നെ പഠിക്കാൻ വിദ്യാർത്ഥികളില്ല. ആ സ്ഥിതിക്ക് പുതിയവ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. ഒരുകാലത്ത് കേരളത്തിൽ എൻജിനിയറിംഗ് സീറ്റുകളുടെ എണ്ണം വളരെ കുറവായിരുന്നു. കുട്ടികൾ തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും എൻജിനിയറിംഗിന് പഠിച്ച് ഡിഗ്രിയെടുത്ത് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇവിടെ എന്തുകൊണ്ട് കൂടുതൽ കോളേജുകൾ ആയിക്കൂടെന്ന ചിന്ത ഉയർന്നത്. നമ്മുടെ പണം അന്യസംസ്ഥാനത്തെ സ്വകാര്യ എൻജിനിയറിംഗ് കോളേജുകളിലേക്ക് ഒഴുകുന്നത് തടയണമെന്ന ആവശ്യവും ശക്തമായി. ഇതിന്റെ ഫലമായി എൻജിനിയറിംഗ് കോളേജുകൾ തുറന്നു. എന്നാൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളിൽ വലിയ ഇളവ് നൽകി. അതോടെ എൻജിനിയറിംഗുമായി പുലബന്ധമില്ലാത്ത സമ്പന്നർ കോളേജുകൾ തുടങ്ങി. ആവശ്യത്തിലധികം കോളേജുകളും അനുവദിക്കപ്പെട്ടു. തത്വദീക്ഷയില്ലാതെ കോളേജുകൾ അനുവദിച്ചതിലൂടെ പഠന നിലവാരം ഇടിഞ്ഞു. പല കോളേജുകളിലും അഡ്മിഷന് വിദ്യാർത്ഥികളെ കിട്ടാതെയായി. പല കോളേജുകളും നടത്തിക്കൊണ്ട് പോകാൻ പറ്റാത്ത സ്ഥിതിയിലുമായി.
മെഡിക്കൽ കോളേജുകളുടെ കാര്യത്തിലെങ്കിലും ഈ പരിതാപകരമായ അവസ്ഥ ആവർത്തിക്കരുത്. മെഡിക്കൽ കോളേജുകളുടെ എണ്ണം കൂട്ടേണ്ടത് അനിവാര്യമാണ്. കേരളത്തിൽ നിന്ന് മാത്രം ഇരുപതിനായിരത്തോളം വിദ്യാർത്ഥികളാണ് ചൈനയിൽ മെഡിസിന് പഠിക്കുന്നത്. സമാനമായ എണ്ണം വിദ്യാർത്ഥികൾ യുക്രെയിനിലും മറ്റ് രാജ്യങ്ങളിലുമായി പഠിക്കുന്നു. യുക്രെയിൻ യുദ്ധത്തിന്റെ ഭാഗമായി മെഡിക്കൽ പഠനത്തിന് വിദേശത്തു പോയി വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പുറത്തുവന്നു. അപ്പോഴാണ് ഇന്ത്യയിൽ മെഡിക്കൽ കോളേജുകളുടെ കുറവ് സൃഷ്ടിക്കുന്ന പ്രതിസന്ധി പലരുടെയും കണ്ണിൽപ്പെട്ടത്. കൂടുതൽ മെഡിക്കൽ കോളേജുകൾ തുറക്കണമെന്ന് വിദഗ്ദ്ധർ പലതവണ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ആരും ചെവിക്കൊണ്ടില്ല. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ 11,528 പേർക്ക് ഒരു ഡോക്ടറും 483 പേർക്ക് ഒരു നഴ്സുമാണ് ഉള്ളത്. ഏറ്റവും കുറഞ്ഞത് 1000 പേർക്ക് ഒരു ഡോക്ടർ എന്ന നിലയിലെത്തണം. ഇതിന് കൂടുതൽ മെഡിക്കൽ കോളേജുകളാവശ്യമാണ്. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ കർശന നിബന്ധനകളാണ് പലരെയും പിന്നോട്ട് വലിക്കുന്നത്. കൈക്കൂലി നൽകിയാൽ പല നിബന്ധനകളും ഒഴിവാക്കുമെന്നതും പരസ്യമായ രഹസ്യമാണ്.
രാജ്യത്തെ ഏറ്റവും നല്ല മെഡിക്കൽ കോളേജ് ഡൽഹിയിലെ എയിംസാണ്. പക്ഷേ ഇവിടെ 72 വിദ്യാർത്ഥികൾക്കേ ഒന്നാംവർഷ പ്രവേശനമുള്ളൂ. 80000 പേരാണ് അപേക്ഷ നൽകുന്നത്. 72 സീറ്റ് എന്നത് 150 ആക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും അവിടെയുണ്ട്. എന്നാൽ അത് ചെയ്തില്ല. രാജ്യത്ത് എം.സി.എം.എസ് തുടങ്ങിയ പി.ജി സീറ്റുകൾ 6200 ആണ്. 79,000 പേരാണ് കഴിഞ്ഞ വർഷം പരീക്ഷയെഴുതിയത്. അതായത് എം.ബി.ബി.എസിന് പഠിക്കുന്ന 10 ശതമാനം കുട്ടികൾക്ക് പോലും പി.ജിക്ക് അഡ്മിഷൻ ലഭിക്കില്ലെന്നതാണ് അവസ്ഥ. അതിനാൽ നിലവിലുള്ള മെഡിക്കൽ കോളേജുകളിൽ 10 ശതമാനം സീറ്റെങ്കിലും വർദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ കോളേജുകൾ അനുവദിക്കുകയും വേണം. എൻജിനിയറിംഗ് കോളേജുകൾ അനുവദിച്ചതിലെ തത്വദീക്ഷയില്ലായ്മ ആവർത്തിക്കുകയും അരുത്.
പുതിയ മെഡിക്കൽ കോളേജുകൾക്ക് മികച്ച നിലവാരം ഉറപ്പാക്കാൻ ദേശീയതലത്തിൽ അടിയന്തര ശ്രദ്ധ പതിയാൻ പ്രധാനമന്ത്രി തന്നെ മുൻകൈയെടുക്കേണ്ടതാണ്.