parking-block

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് (എം.എൽ.സി.പി) ബ്ലോക്ക് ടെക്‌നോപാർക്ക് കാമ്പസിൽ പ്രവർത്തനമാരംഭിച്ചു. 1800 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള പാർക്കിംഗ് ബ്ലോക്കാണ് ടെക്നോപാർക്ക് ഫേസ് 2 കാമ്പസിലെ യു.എസ്.ടിയിൽ തുറന്നത്.

നഗരത്തിൽ ഏറ്റവുമധികം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുള്ളത് ലുലുമാളിലാണ്. ഇവിടെ 3500 കാറുകൾ പാർക്ക് ചെയ്യാം. രണ്ടേമുക്കാൽ വർഷമെടുത്താണ് പാർക്കിംഗ് ബ്ലോക്കിന്റെ നിർമ്മാണം യു.എസ്.ടിയിൽ പൂർത്തിയാക്കിയത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ആകെ 4000 കാറുകൾ പാർക്ക് ചെയ്യത്തക്കവിധം അഞ്ച് നിലകൾ കൂടി നിലവിലെ ബ്ലോക്കിനോട് കൂട്ടിച്ചേർക്കുമെന്ന് അധികൃതർ അറിയിച്ചു. സുസ്ഥിരതയ്‌ക്കും 'കാർബൺ ന്യൂട്രൽ ' എന്ന ആശയത്തിനും അനുയോജ്യമായി മൾട്ടി ലെവൽ പാർക്കിംഗ് ബ്ലോക്കിന് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനും യു.എസ്.ടിക്ക് പദ്ധതിയുണ്ട്.