photo

സ്വാഗതാർഹമായ ചില മാറ്റങ്ങളോടെയാണ് പുതു സാമ്പത്തികവർഷത്തെ മദ്യനയം സംസ്ഥാന സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നികുതി വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന മദ്യവും മദ്യോപയോഗവും പൊതുജീവിതത്തിൽ ഒഴിച്ചുനിറുത്താനാവാത്ത യാഥാർത്ഥ്യമായിക്കഴിഞ്ഞ നിലയ്ക്ക് ഉൾക്കാഴ്ചയോടെയുള്ള മദ്യനയമാണ് ജനം പ്രതീക്ഷിക്കുന്നത്. മദ്യവില്പനശാലകളിൽ ഇന്നു കാണുന്ന തിക്കുംതിരക്കും ഒഴിവാക്കാൻ കൂടുതൽ ചില്ലറ വില്പനശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. പണ്ടേ നടപ്പാക്കേണ്ട തീരുമാനമാണിത്. മദ്യം വാങ്ങാൻ നിൽക്കുന്നവരുടെ ക്യൂ ബഹുദൂരം നീണ്ടുപോകുന്ന കാഴ്ച ഏറെ അപമാനകരമാണ്. പക്ഷേ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന ബെവ്‌കോ അതിനുള്ള ഒരു ശ്രമവും നടത്തുന്നില്ല. പെട്ടിയിൽ ദിവസേന വന്നു നിറയുന്ന പണത്തിൽ മാത്രമാണ് അവരുടെ കണ്ണ്. ഒരു വർഷമുണ്ടാക്കുന്ന ലാഭത്തിന്റെ ചെറിയൊരു വിഹിതം മതി വില്പനശാലകൾക്ക് മാനുഷിക മുഖം നൽകാൻ. ഏതായാലും ഈ നാണക്കേടിൽ നിന്ന് മദ്യവില്പനശാലകളെ മോചിപ്പിക്കാൻ സംസ്ഥാനത്തൊട്ടാകെ കൂടുതൽ പ്രീമിയം കൗണ്ടറുകൾ തുടങ്ങാനുള്ള തീരുമാനം സ്വാഗതാർഹമാണ്. വില്പനശാലകൾ തുറന്നിരിക്കുന്ന സമയത്ത് ആവശ്യക്കാർക്ക് കയറിച്ചെന്ന് യഥേഷ്ടം മദ്യം വാങ്ങിപ്പോകാൻ കഴിയുന്ന സംവിധാനം നിലവിൽ വരേണ്ടതു തന്നെയാണ്. പരിഷ്‌കൃത രാജ്യങ്ങളിലൊരിടത്തും മദ്യവില്പനയ്ക്ക് പതിത്വം കല്പിക്കാറില്ല.

ഐ.ടി പാർക്കുകളിൽ പ്രത്യേക ലൈസൻസോടെ പ്രവർത്തിക്കുന്ന മദ്യശാലകൾ അനുവദിക്കാനുള്ള തീരുമാനവും പുതിയ മദ്യനയത്തിൽ ഉൾപ്പെടുന്നു. ഇതും ഏറെനാളായി പറഞ്ഞുകേൾക്കുന്നതാണ്. സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിഷ്കാരം. മദ്യോപയോഗത്തിൽ സംസ്ഥാനം മുന്നിലാണെങ്കിലും മദ്യനിർമ്മാണ മേഖല ഇവിടെ ഒട്ടും വളർന്നിട്ടില്ല. ബ്രുവറികൾ അനുവദിക്കുന്നതിൽ പുലർത്തുന്ന കടുംപിടിത്തമാണ് പ്രധാന കാരണം. സംസ്ഥാനത്ത് ചെലവാകുന്ന മദ്യത്തിന്റെ തൊണ്ണൂറു ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവയാണ്. കോടാനുകോടികളുടെ മദ്യ ഇറക്കുമതിക്കു പിന്നിലെ കൊടുക്കൽ വാങ്ങലുകൾ അത്ര രഹസ്യമൊന്നുമല്ല. കച്ചവടം ഇതേപോലെ തുടരാൻ താത്‌പര്യം കാട്ടുന്നതിനു പിന്നിലും കാണാം ചില നേട്ടങ്ങൾ.

കശുമാങ്ങ, ചക്ക, വാഴപ്പഴം, കൈതച്ചക്ക തുടങ്ങിയ പഴങ്ങൾ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ അനുമതി നൽകുമെന്ന തീരുമാനം ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞാൽ പുതിയൊരു ചുവടുവയ്‌പാകും അത്. ഈ പ്രകൃതിവിഭവങ്ങളെല്ലാം സീസണാകുമ്പോൾ വലിയതോതിൽ പാഴാവുകയാണ് ഇപ്പോൾ. നിസാര വിലയ്ക്കാണ് ചക്കയും കൈതച്ചക്കയുമൊക്കെ അതിർത്തി കടന്നുപോകുന്നത്. വീര്യം കൂടിയ മദ്യോപയോഗത്തിൽ നിന്ന് ആളുകളെ ചെറുതായെങ്കിലും പിന്തിരിപ്പിക്കാൻ വീര്യം കുറഞ്ഞ മദ്യത്തിനു കഴിയും. അതിന്റെ ലഭ്യത സാർവത്രികമായി ഉറപ്പാക്കണമെന്നു മാത്രം. ബിയർ പോലുള്ളവയുടെ അമിത വിലയും സാധാരണക്കാർക്ക് താങ്ങാനാവാത്തതുകൊണ്ടാണ് അവർ വീര്യം കൂടിയ മദ്യം തേടി പോകുന്നത്.

മദ്യത്തിന്മേൽ ചുമത്തിയിട്ടുള്ള അമിത നികുതിയാണ് വിലകുറഞ്ഞ ലഹരി വസ്തുക്കൾ തേടിപ്പോകാൻ പലരെയും പ്രേരിപ്പിക്കുന്നത്. സംസ്ഥാനം ഇന്നു നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്ത് ലഹരി ഉപയോഗത്തിലെ വൻ വർദ്ധനയാണ്.

ബാർ ലൈസൻസ് ഫീസ് ഇക്കുറി വർദ്ധിപ്പിക്കേണ്ടെന്ന സർക്കാർ തീരുമാനം ഉചിതം തന്നെ. ലൈസൻസ് ഫീസും നടത്തിപ്പ് ചെലവും വിവിധയിനം പടികളുമെല്ലാമാകുമ്പോഴാണ് ബാർ നടത്തിപ്പുകാർക്ക് വളഞ്ഞ വഴികൾ തേടേണ്ടിവരുന്നത്.

മദ്യത്തിന് അനിയന്ത്രിതമായി നികുതി കൂട്ടുന്നതും വിപരീത ഫലമേ സൃഷ്ടിക്കൂ എന്നും സർക്കാർ തിരിച്ചറിയണം. എത്ര വിലകൂട്ടി വിറ്റാലും ഉപഭോക്താക്കൾ മദ്യം വാങ്ങിക്കൊള്ളുമെന്നാകും കരുതുന്നത്. അതിന്റെ സാമൂഹിക പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കണം.