
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ ജപ്തി നടപടി നേരിടുന്ന തങ്ങളുടെ സ്ഥലങ്ങളും കെട്ടിടങ്ങളും കൂടി ഏറ്റെടുത്ത് സ്വന്തം കെട്ടിടങ്ങളിൽ കഴിയുന്നതും ചില്ലറ വില്പനശാലകൾ തുടങ്ങുന്നത് ബിവറേജസ് കോർപ്പറേഷന്റെ സജീവ പരിഗണനയിൽ. ജപ്തി നടപടി നേരിടുന്നവയുടെ പട്ടിക ശേഖരിച്ചു തുടങ്ങി. സർക്കാരുമായും ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായും ചർച്ച നടത്തും. ഷാപ്പുകൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാലോ പുതിയത് തുടങ്ങേണ്ടിവന്നാലോ സ്ഥലംകിട്ടാൻ ബുദ്ധിമുട്ടാണ്. അതിനാലാണ് സ്വന്തം സ്ഥലം/കെട്ടിടം എന്ന ആശയം സജീവമാക്കിയത്. നിലവിൽ ഭൂരിഭാഗം ഷാപ്പുകളും വാടകക്കെട്ടിടത്തിലാണ്.
മദ്യഷാപ്പുകളിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ വില്പനശാലകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ തുടങ്ങാൻ പുതിയ മദ്യനയത്തിലും അനുമതിയുണ്ട്.
വരും 'മലബാർ ബ്രാണ്ടി'
സ്വന്തമായി മദ്യ നിർമ്മാണവും ബെവ്കോ വിപുലപ്പെടുത്തും. അസംസ്കൃത വസ്തുവായ ഇ.എൻ.എ (എക്സ്ട്രാ ന്യുട്രൽ ആൽക്കഹോൾ അഥവാ സ്പിരിറ്റ്) ഉത്പാദനവും തുടങ്ങും. ജവാൻ റമ്മിന്റെ ഉത്പാദനം പ്രതിദിനം 7000 കെയ്‌സിൽ നിന്ന് 10,000 ആക്കി ഉയർത്തും. അഞ്ചുകോടി ലിറ്റർ സ്പിരിറ്റ് ഉത്പാദിക്കാവുന്ന പ്ളാന്റ് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസ് കോമ്പൗണ്ടിൽ തുടങ്ങും. ഉപയോഗശൂന്യമായ ധാന്യങ്ങളാണ് പ്രധാന അസംസ്കൃത വസ്തു. 200 കോടിയാണ് ചെലവ്. കിറ്റ്കോ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിവരുന്നു.
ഇതിന്റെ ഉപോത്പന്നമായി കാലിത്തീറ്റയും നിർമ്മിക്കും. ചിറ്റൂർ ഷുഗർമില്ലിൽ 'മലബാർ ബ്രാണ്ടി' എന്നപേരിൽ പുതിയ മദ്യവും നിർമ്മിക്കും. പ്രതിദിനം 15,000 കെയ്സാവും ഉത്പാദനം. മദ്യക്കുപ്പികൾ പായ്ക്ക് ചെയ്യുന്ന കാർട്ടണുകളും നിർമ്മിക്കും. തളിപ്പറമ്പിലെ കിൻഫ്ര പാർക്കിൽ 10 ഏക്കർ സ്ഥലം വിട്ടുകിട്ടാൻ അപേക്ഷ നൽകി. 20 കോടിയാണ് ചെലവ്.
കുപ്പി നിർമ്മാണവും പരിഗണനയിൽ
പ്ളാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പാലക്കാട്ട് ഗ്ളാസ് കുപ്പി നിർമ്മാണം തുടങ്ങാൻ ആലോചിക്കുന്നുവെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി ശ്യാംസുന്ദർ പറഞ്ഞു. വൻചെലവുള്ള പദ്ധതിയാണ്. സാങ്കേതിക വിദ്യയും മെഷീനറികളും ഇറക്കുമതി ചെയ്യണം. റിപ്പോർട്ട് തയ്യാറാക്കാൻ കിറ്റ്കോയെ ചുമതലപ്പെടുത്തി.