
ദുൽഖർ സൽമാന്റെ വിലക്ക് പിൻവലിച്ച് തിയേറ്റർ സംഘടനയായ ഫിയോക്. സല്യൂട്ട് എന്ന ചിത്രം ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് താരം നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക് ആരോപിച്ചിരുന്നു.
സല്യൂട്ട് ആദ്യം തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ഒമിക്രോൺ വ്യാപനം കാരണമാണ് ഇക്കാര്യത്തിൽ മാറ്റം ഉണ്ടായതെന്ന് ദുൽഖറിന്റെ വേഫറർ ഫിലിംസ് തിയേറ്റർ ഉടമകൾക്ക് വിശദീകരണം നൽകിയിരുന്നു. ചിത്രം ഒ.ടി.ടിക്കു നൽകുന്നത് തിയേറ്റർ ഉടമകളോട് ചെയ്യുന്ന ചതിയാണെന്നും ദുൽഖർ അഭിനയിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനിമുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല എന്നും ഫിയോക് അറിയിച്ചിരുന്നു. മുൻപ് കൊവിഡ് പ്രതിസന്ധികൾക്കുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യം തിയേറ്ററിൽ റിലീസ് ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ദുൽഖറിന്റെ കുറുപ്പ് ആയിരുന്നു.