
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യദിനം കുട്ടികൾക്ക് ഏറെ ആശ്വാസം പകർന്നു. മലയാളം ഒന്നാം പേപ്പർ വെള്ളംകുടിപ്പിച്ചില്ല. എന്നാൽ എഴുതിത്തീർക്കാൻ സമയം കിട്ടിയില്ലെന്നും അല്പം കൂടി സമയം വേണമായിരുന്നുവെന്നും ചില കുട്ടികൾ പറഞ്ഞു. 40 മാർക്കിന്റെ പരീക്ഷയായതിനാൽ ഒന്നേ മുക്കാൽ മണിക്കൂറായിരുന്നു സമയം. ഫോക്കസ് ഏരിയയിൽ നിന്നും നോൺ ഫോക്കസ് ഏരിയയിൽ നിന്നും ചോദ്യങ്ങളുണ്ടായിരുന്നു.
 'പരീക്ഷ എളുപ്പമായിരുന്നില്ലേ?', 'അതേ മിനിസ്റ്ററെ.."
പരീക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കോട്ടൺഹിൽ സ്കൂളിലെത്തിയ മന്ത്രി വി. ശിവൻകുട്ടി കുട്ടികളോടു ചോദിച്ചു, 'എല്ലാവർക്കും പരീക്ഷ എളുപ്പമായിരുന്നില്ലേ?'. ഉടൻ മറുപടി വന്നു 'അതേ മിനിസ്റ്ററേ'. അപ്പോൾ എല്ലാവർക്കും എ പ്ളസ് ഉറപ്പല്ലേ എന്നുപറഞ്ഞപ്പോൾ ചിരിയായിരുന്നു മറുപടി. എല്ലാത്തിനും ഉത്തരമെഴുതാൻ ആവശ്യത്തിന് സമയം കിട്ടിയോ എന്നും അടുത്ത പരീക്ഷയ്ക്കായി പഠിക്കാൻ ആവശ്യത്തിന് സമയമുണ്ടല്ലോയെന്നും മന്ത്രി ചോദിച്ചു. കുട്ടികളെല്ലാം പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലാണെന്നും മികച്ച വിജയം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.