
കടയ്ക്കാവൂർ: വക്കം പഞ്ചായത്ത് ബഡ്ജറ്റ് കമ്മിറ്റി, പ്രതിപക്ഷമായ ബി.ജെ.പി ബഹിഷ്കരിച്ചു. ബഡ്ജറ്റിൽ പട്ടികജാതി പട്ടികവർഗക്കാരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും പ്രാതിനിദ്ധ്യം നൽകിയിട്ടില്ല, എഴുപതിൽപ്പരം പഞ്ചായത്ത് റോഡുകൾ പുനരുദ്ധരിക്കാൻ ആവശ്യത്തിന് തുക വകയിരുത്തിയിട്ടില്ല, ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിനും മറ്റ് ജനോപകാരപ്രദമായ പദ്ധതികൾക്കും അനുവദിച്ച തുക അപര്യാപ്തമാണ് തുടങ്ങിയ ആരോപണങ്ങൾ പ്രതിപക്ഷം ആരോപിച്ചു. കൂടാതെ തനത് ഫണ്ട് ഉപയോഗിച്ചുള്ള കായലോര ടൂറിസ വികസനം ഭൂമാഫിയയ്ക്ക് വഴിവയ്‌ക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. തുടർന്ന് ബി.ജെ.പി അംഗങ്ങൾ ബഡ്ജറ്റിന്റെ പകർപ്പ് വലിച്ചുകീറി കമ്മിറ്റി ബഹിഷ്‌കരിച്ചു. വക്കം ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ലാലി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂലി, സിന്ധു സുരേഷ്, ശാന്തമ്മ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.