vd-satheesan

തിരുവനന്തപുരം: പുതിയ മദ്യനയത്തിലൂടെ കേരളത്തിൽ വ്യാപകമായി മദ്യശാലകൾ തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനം അഴിമതി മാത്രം ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കേരളത്തിൽ ആവശ്യത്തിന് ബാറുകൾ ഇല്ലെന്നൊരു പരാതിയില്ല. അഴിമതിയാരോപണത്തെ തുടർന്ന് തടഞ്ഞു വയ്ക്കപ്പെട്ട ഡിസ്റ്റിലറികളും ബ്രൂവറികളും പുതിയ കുപ്പായമിട്ട് വീണ്ടും തുറക്കാനുള്ള ശ്രമമാണ്. തുടർഭരണം കിട്ടയതിന്റെ അഹങ്കാരത്തിലാണിത്. 2016ൽ ഉമ്മൻചാണ്ടി സർക്കാർ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാർ അനുവദിക്കാൻ തീരുമാനിച്ചപ്പോൾ വിമർശിച്ചയാളാണ് പിണറായി വിജയൻ.

ബസ് ചാർജ് വർദ്ധന നീതീകരിക്കാനാകില്ല. രണ്ടരക്കിലോമീറ്ററിന് മിനിമം ചാർജ് പത്തു രൂപയാക്കിയപ്പോൾ ഫെയർ സ്റ്റേജിൽ അപാകതകളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറുകൊല്ലത്തിനിടെ സംസ്ഥാന സർക്കാരിന് ആറായിരം കോടിയിലധികം രൂപയാണ് പെട്രോളിയം ഉല്പന്നങ്ങളുടെ വർദ്ധിപ്പിച്ച നികുതിയിലൂടെ ലഭിച്ചത്. അധികമായി കിട്ടിയ നികുതിയുടെ 25 ശതമാനം കെ.എസ്.ആർ.ടിസിക്കും സ്വകാര്യ ബസുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും ഓട്ടോകൾക്കും ഇന്ധന സബ്സിഡിയായി നൽകിയിരുന്നെങ്കിൽ ചാർജ് വർദ്ധന ഒഴിവാക്കാമായിരുന്നു.