
ശ്രീകാര്യം: വിനോദസഞ്ചാരത്തിനിടെ നേപ്പാളിലെ സ്വകാര്യ റിസോർട്ടിലെ അടച്ചിട്ട മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച മകന്റെയും മരുമകളുടെയും ചെറുമക്കളുടെയും ഓർമ്മ നിലനിറുത്താൻ സ്‌മൃതി മന്ദിരമൊരുക്കി മാതാപിതാക്കൾ. 2020 ജനുവരി 21ന് മരിച്ച ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണിയിൽ പ്രവീൺകുമാർ (39), ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (9), ആർച്ച(7), അഭിനവ്(4) എന്നിവരുടെ ഓർമ്മയ്‌ക്കായാണ് പ്രവീണിന്റെ മാതാപിതാക്കളായ കൃഷ്‌ണൻനായരും പ്രസന്നകുമാരിയും ചേങ്കോട്ടുകോണത്തെ കുടുംബവീടിനു സമീപം ' പഞ്ചതാരകം ' നിർമ്മിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ഓൺലൈനിലൂടെ സ്‌മൃതി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വായനശാലയും ആരോഗ്യ ഉപകേന്ദ്രവും സാംസ്‌കാരിക കേന്ദ്രവും ഉൾപ്പെടുന്ന സ്‌മൃതി മന്ദിരം നിർമ്മിച്ചത് മാതൃകാപരമാണെന്നും ഈ സംരംഭം നന്മയുടെ പ്രകാശം ചൊരിയുന്ന അഞ്ച് നക്ഷത്രങ്ങളായി നിലനിൽക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ആശാബാബു, നിംസ് മെഡിസിറ്റി പി.ആർ.ഒ അനൂപ് നായർ, അണിയൂർ പ്രസന്നകുമാർ, ഫ്രാക് ജനറൽ സെക്രട്ടറി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
നിർദ്ധനരായ അഞ്ചുപേർക്കുള്ള സാമ്പത്തിക സഹായവും ചടങ്ങിൽ വിതരണം ചെയ്‌തു. ദുരന്തത്തിൽ ടെക്നോപാർക്ക് ജീവനക്കാരനായിരുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്ത്കുമാർ (39), ഭാര്യ ഇന്ദുലക്ഷ്‌മി (34), മകൻ വൈഷ്‌ണവ് (2) എന്നിവരും മരിച്ചിരുന്നു.