v

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വർദ്ധിപ്പിച്ച വിലയുടെ അധികനികുതി വേണ്ടെന്നുവച്ച് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ആശ്വാസമേകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

ഇന്ധന, പാചകവാതക വില വർദ്ധനവിനെതിരെ എ.ഐ.സി.സിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി സംസ്ഥാന കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റ മുക്തഭാരതം എന്ന മുദ്രാവാക്യമുയർത്തിയാണ് ഒരാഴ്ച നീളുന്ന സമരം.

നന്ദാവനത്ത് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കുടുംബസമേതം പങ്കെടുത്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ കാസർകോട് നീലേശ്വരത്തെ പ്രതിഷേധത്തിൽ പങ്കെടുത്തു.വീടുകൾക്കു മുന്നിലും പൊതുസ്ഥലങ്ങളിലും പാചകവാതക സിലിണ്ടറുകൾക്കും വാഹനങ്ങൾക്കും മാല ചാർത്തിയായിരുന്നു പ്രതിഷേധം.


ഇന്ധന, പാചകവാതക വില തുടർച്ചയായി വർദ്ധിപ്പിച്ച് ജനജീവിതം ദുരിതത്തിലാക്കിയെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കെ.സുധാകരൻ പറഞ്ഞു. ഓരോ വർഷവും 5000കോടിക്ക് മുകളിൽ പെട്രോളിയം ഉല്പന്നങ്ങളിലൂടെ വരുമാനം കിട്ടിയിട്ടും ഒരുരൂപയുടെ പോലും നികുതി കുറയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.