തിരുവനന്തപുരം:കേരള രാഷ്‌ട്രീയത്തിലെ കുലീനതയുടെ പ്രതിരൂപമായിരുന്നു തലേക്കുന്നിൽ ബഷീറെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തലേക്കുന്നിൽ ബഷീർ അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളുത്ത ഖദർ വസ്‌ത്രത്തിൽ കറുത്ത അടയാളങ്ങൾ വീഴ്‌ത്താത്ത സംശുദ്ധ രാഷ്‌ട്രീയത്തിന്റെ വക്താവാണ്‌ തലേക്കുന്നിൽ ബഷീറെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ആന്റണിക്കു വേണ്ടി എം.എൽ.എ സ്ഥാനം രാജിവച്ച തലേക്കുന്നിലിന്റെ തീരുമാനം അത്യപൂർവവും അനന്യവുമായിരുന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.സാഹിത്യ ശിൽപ്പശാലയിൽ സിനിമയും വിഷയമാക്കണമെന്ന ആവശ്യവുമായി അറുപതുകളുടെ അവസാനം കേരള സർവകലാശാല യൂണിയൻ ചെയർമാനായ തലേക്കുന്നിലിനെ ചെന്നുകണ്ടത്‌ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഓർമ്മിച്ചു. അന്നത്തെ തങ്ങളുടെ കൂടിക്കാഴ്‌ചയെ തുടർന്നാണ് സർവകലാശാല കാമ്പസുകളിൽ സിനിമയും ഒരു വിഷയമായി മാറിയത്‌. ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു തലേക്കുന്നിലെന്നും അടൂർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.എം.വിജയകുമാർ,സി.പി.ജോൺ,ചെറിയാൻ ഫിലിപ്പ്‌,ജോർജ് ഓണക്കൂർ,എം.എസ്‌ കുമാർ, നീലലോഹിതദാസ്‌,ബീമാപളളി റഷീദ്‌ എന്നിവർ പ്രസംഗിച്ചു. എൻ.ശക്തൻ,കെ.പി.ശ്രീകുമാർ,കെ.മോഹൻകുമാർ,ടി.ശരത്‌ചന്ദ്രപ്രസാദ്‌,എൻ.പീതാംബരക്കുറുപ്പ്‌,നെയ്യാറ്റിൻകര സനൽ,എം.വിൻസന്റ് എം.എൽ.എ,വി.പ്രതാപചന്ദ്രൻ,ജി.എസ്‌ ബാബു, ജി.സുബോധൻ,മണക്കാട്‌ സുരേഷ്‌,വർക്കല കഹാർ,എം.എ. വാഹിദ്‌,കെ.എസ്‌. ശബരീനാഥൻ,ആർ.സെൽവരാജ്‌,പി.കെ. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.