antony-raju

തിരുവനന്തപുരം: നാടിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് യുവജനങ്ങളുടെ പിന്തുണയുണ്ടാകണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്കായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ 2020ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശക്തമായ എതിർപ്പുകൾ മറികടന്നാണ് വികസനത്തിന്റെ വഴിയേ സർക്കാർ നടക്കുന്നത്. പുതിയ പദ്ധതികളെപ്പറ്റി പറയുമ്പോൾ അതൊക്കെ ഇപ്പോൾ ആവശ്യമുണ്ടോയെന്ന് തോന്നും. എന്നാൽ 10 വർഷം കഴിയുമ്പോൾ അന്നത്തെ തലമുറ തങ്ങളുടെ മുൻഗാമികളെ കുറ്റപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പി.എസ്. ഷർമിള (കല), കമറൂൽ ഹക്കീം (സാമൂഹ്യ പ്രവർത്തനം), വി.പി. നിസാർ (അച്ചടി മാദ്ധ്യമം), ജിതിൻ ചന്ദ്രൻ (ദൃശ്യ മാദ്ധ്യമം), പി.വി ഷാജി കുമാർ (സാഹിത്യം), എസ്.ആർ. രജനി (ഫൈൻ ആർട്സ്), എം. ശ്രീശങ്കർ (കായികം-പുരുഷൻ), സാന്ദ്രബാബു (കായികം-വനിത), എസ്.പി. സുജിത്ത് (കൃഷി), മുഹമ്മദ് ഹിസാമുദ്ദീൻ (സംരംഭകത്വം), ഡോ. റോസിത കുനിയിൽ (ശാസ്ത്രം) എന്നിവരും വിവിധ യൂത്ത് ക്ലബ്ബുകളും പുരസ്‌കാരം ഏറ്റുവാങ്ങി.