
തിരുവനന്തപുരം: നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ചുറ്റളവിൽ 0.22 കിലോമീറ്റർ മുതൽ 2.72 കിലോമീറ്റർ വരെയുള്ള പ്രദേശം സംരക്ഷിത വനമേഖലയായി (ഇക്കോ സെൻസിറ്റീവ് സോൺ-ഇ.എസ്.ഇസഡ്) നിർദ്ദേശിച്ച് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെ ആശങ്കയിലായത് അഞ്ചു ഗ്രാമ പഞ്ചായത്തുകൾ. അമ്പൂരി, വിതുര, കള്ളിക്കാട്, കുറ്റിച്ചൽ, പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്നത്. അമ്പൂരി, കള്ളിക്കാട് അടക്കമുള്ള പഞ്ചായത്തുകളുടെ റവന്യു ഭൂമിയും ഉൾപ്പെടുന്നുണ്ട്. അമ്പൂരി പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന വാർഡ് അടക്കം വിവിധ പഞ്ചായത്തുകളിലെ ജനവാസപ്രദേശങ്ങളും സ്‌കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങളുമെല്ലാം നിർദ്ദിഷ്ട 70 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള സംരക്ഷിത മേഖലയിൽ ഉൾപ്പെട്ടതോടെ ജനവാസപ്രദേശങ്ങളെ ഒഴിവാക്കണമെന്ന പഞ്ചായത്തുകളുടെ ആവശ്യം ചർച്ച ചെയ്യാനായി എട്ടിന് വനംമന്ത്രി യോഗം വിളിച്ചു.
ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
സംരക്ഷിത മേഖലയിൽ ഖനനം, പാറമടകൾ, ക്രഷർ യൂണിറ്റുകൾ, മണ്ണ്, ജലം, അന്തരീക്ഷം,ശബ്ദം എന്നിവയെ മലിനപ്പെടുത്തുന്ന വൻകിട വ്യവസായങ്ങൾ അനുവദിക്കില്ല. ജലവൈദ്യുത പദ്ധതികൾ, വൻകിട ഫാമുകൾ, തടിമില്ലുകൾ, ചൂളകൾ എന്നിവയും അനുവദിക്കില്ല. അനുവാദമില്ലാതെ മരം മുറിക്കാനുമാകില്ല. ഒരു കിലോമീറ്റർ ചുറ്റളവിൽ ഹോട്ടലുകളോ റിസോർട്ടുകളോ പുതുതായി അനുവദിക്കില്ല. വീട് നിർമ്മാണവും റോഡ് വികസനവും അനുവദിക്കും. കരട് വിജ്ഞാപനത്തിൽ അറുപത് ദിവസത്തിനകം ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ഇ മെയിൽ : esz-mef@nic.in
അന്തിമവിജ്ഞാപനം വിലയിരുത്തലിന് ശേഷം
ലഭിക്കുന്ന പരാതികൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന വനം വകുപ്പിന് അയച്ചുനൽകും. വിശദമായ പരിശോധനയ്‌ക്കും ചർച്ചകൾക്കും ശേഷം സംസ്ഥാന സർക്കാർ മറുപടി നൽകണം. കരട് പ്രസിദ്ധീകരിച്ച് 545 ദിവസത്തിനകമാണ് മറുപടി നൽകേണ്ടത്. ഇക്കാര്യം വിലയിരുത്തിയ ശേഷമാകും അന്തിമ വിജ്ഞാപനം. എട്ടിന് ചേരുന്ന യോഗത്തിൽ വനം-റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. നേരത്തെ പീച്ചി വാഴാനി വന്യജീവി സങ്കേതം, ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നത്.
വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന വാർഡുകൾ
അമ്പൂരി പഞ്ചായത്ത്
മായം, പഞ്ചായത്ത് ഓഫീസ് വാർഡ്, തൊടുമല, അമ്പൂരി, കൂട്ടപ്പു, കണ്ണന്നൂർ, കുടപ്പനമൂട്, തുടിയാംകോണം, കണ്ടംതിട്ട.
കള്ളിക്കാട് പഞ്ചായത്ത്
വ്ലാവെട്ടി, പെരുംകുളങ്ങര, നെയ്യാർഡാം, കല്ലാട്ട്കാവ്, കാളിപ്പാറ, തേവൻകോട്, മൈലക്കര
കുറ്റിച്ചൽ പഞ്ചായത്ത്
ചോനംപാറ, എലിമല, ഉത്തരംകോട്, കോട്ടൂർ
വിതുര പഞ്ചായത്ത്
കല്ലാർ, മരുതാമല, പേപ്പാറ
പെരിങ്ങമ്മല പഞ്ചായത്ത്
വേങ്കൊല്ല, ഇടിഞ്ഞാർ, ഇടവം, പൊന്മുടി
പരിഗണിച്ചത് ഭൂമിശാസ്ത്രപരമായ സവിശേഷത
ജൈവവൈവിദ്ധ്യം, വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ സാന്നിദ്ധ്യം, മേഖലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷത തുടങ്ങിയ കാരണങ്ങൾ പരിഗണിച്ചാണ് ഇൗ പ്രദേശം സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കുന്നത്. കരട് പട്ടികയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടത്. സങ്കേതങ്ങളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് 2.72 കിലോമീറ്റർ, വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് 2.39 കിലോമീറ്റർ, തെക്ക്–പടിഞ്ഞാറ് ഭാഗത്തേക്ക് 1.16 കിലോമീറ്റർ, തെക്ക് ഭാഗത്ത് 0.22 കിലോമീറ്റർ ഇങ്ങനെയാണ് നിർദ്ദിഷ്ട സംരക്ഷിത മേഖല.