tt
രാത്രിയാത്രയ്ക്ക് 40% നിരക്ക് അധികം ഈടാക്കണമെന്ന റിപ്പോർട്ട് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സർക്കാരിന് നൽകിയതിനെ തുടർന്ന് ഫെബ്രുവരി 1ന് കേരളകൗമുദി നൽകിയ റിപ്പോർട്ട്

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന സാധാരണക്കാർക്ക് തിരിച്ചടിയാണെങ്കിലും രാത്രി യാത്രയ്ക്ക് അമിതകൂലി ഈടാക്കാനുള്ള നീക്കം പൊളിഞ്ഞതിൽ ആശ്വസിക്കാം.

ചാർജ് കൂട്ടുന്നതിനൊപ്പം രാത്രി യാത്രയ്ക്ക് 40 ശതമാനം അധിക ചാർജ് ഈടാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ നിർദ്ദേശം ഉണ്ടായിരുന്നു. അതു നടപ്പിലാക്കിയാൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നതിനാലാണ് ഉപേക്ഷിച്ചത്. സ്വകാര്യ ബസുകളുടെ രാത്രി സർവീസ് പ്രോത്സാഹിപ്പിക്കാനെന്ന രീതിയിൽ ഇത്തരമൊരു ചാർജ് വർദ്ധന വേണമെന്ന ഗതാഗതവകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് കമ്മിഷൻ റിപ്പോർട്ടിൽ അത് ഇടംപിടിച്ചത്.

രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യുന്നവരിൽനിന്ന് 40 ശതമാനം നിരക്ക് അധികം ഈടാക്കാൻ നടക്കുന്ന നീക്കം ഫെബ്രുവരി ഒന്നിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നിർദ്ദേശം നടപ്പിലായെങ്കിൽ രാത്രി മിനിമം ചാർജ് 14 രൂപയാകുമായിരുന്നു.

കൂലിപ്പണിക്കാരും കടകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരുമൊക്കെ മടങ്ങുന്നത് രാത്രി എട്ടിനും പത്തിനുമൊക്കെയാണ്. അവരിൽ നിന്ന് അമിത നിരക്ക് ഈടാക്കാനൊരുങ്ങിയാൽ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് വാർത്തയിൽ വിശദീകരിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തിൽ കൂടുതൽ ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. നേരത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ഫെബ്രുവരി 9ന് നടന്ന മന്ത്രിസഭായോഗത്തിൽ ബസ് ചാർജ് വർദ്ധന റിപ്പോർട്ട് പരിഗണിച്ചില്ല. പിന്നീട് റിപ്പോർട്ട് പരിഗണിക്കുന്നതും നീട്ടിക്കൊണ്ടു പോയി. ഒടുവിൽ ഈ നിർദ്ദേശം ഒഴിവാക്കിയാണ് ചാർജ് വർദ്ധന എൽ.ഡി.എഫ് അംഗീകരിച്ചത്.