തിരുവനന്തപുരം: വസ്തു അതിർത്തി തർക്കത്തിന്റെ പേരിൽ നെട്ടച്ചിറ ശിവജി നഗർ സലീം മൻസിലിൽ ബഷീറിനെ (54) അടിച്ചുകൊന്ന കേസിൽ അയൽവാസികളായ ദമ്പതികൾക്ക് ഒമ്പത് വർഷം കഠിന തടവും 1,25,000 രൂപ പിഴയും. നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗർ പഴയവിള പുത്തൻ വീട്ടിൽ സിദ്ദിഖ്, ഭാര്യ നാജാ ബീഗം (നാജു) എന്നിവരെയാണ് വിവിധ വകുപ്പുകളിലായി രണ്ടാം അഡിഷണൽ സെഷൻസ് കോടതി ഒമ്പത് വർഷം ശിക്ഷിച്ചത്. പ്രതികൾ ഏ​റ്റവും കൂടിയ ശിക്ഷയായ ആറ് വർഷം ശിക്ഷ അനുഭവിച്ചാൽ മതി.പിഴയൊടുക്കേണ്ട 1,25,000 രൂപ ബഷീറിന്റെ ഭാര്യ ആരിഫയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

നാല് പ്രതികളാണുണ്ടായിരുന്നത്.സിദ്ദിഖും നാജയും കേസിലെ രണ്ടും നാലും പ്രതികളാണ്.ഒന്നാം പ്രതിയും നാജായുടെ പിതാവുമായ മീരാൻ സാഹിബ് വിചാരണയ്ക്ക് മുൻപ് മരിച്ചു. മൂന്നാം പ്രതി നാജായുടെയും സിദ്ദിഖിന്റെയും മകനായ 16കാരന്റെ കേസ് ജുവനൈൽ കോടതിയിലാണ്.രണ്ടര വർഷം മുൻപ് ബഷീർ സിദ്ദിഖിൽ നിന്ന് നാലര സെന്റ് വസ്തുവും വീടും വാങ്ങിയിരുന്നു. ബഷീർ പലവട്ടം ആവശ്യപ്പെട്ടെങ്കിലും വസ്തു അളന്ന് നൽകാൻ സിദ്ദിഖ് കൂട്ടാക്കിയില്ല. 2009 ജനുവരി 21ന് ബഷീറിന്റെ വീടിനുപിന്നിൽ താമസിക്കുന്ന മോഹനന് മതിൽ കെട്ടാൻ ബഷീറിന്റെ ടോയ്‌ലെറ്റ് ഇടിക്കേണ്ടിവന്നു. ഇതേച്ചൊല്ലി ബഷീറും പ്രതികളുമായി വാക്കുതർക്കമുണ്ടായി. ഈ തർക്കത്തിനിടെയാണ് പ്രതികൾ കമ്പും തടിയും കൊണ്ട് ബഷീറിനെ അടിച്ചു കൊന്നത്. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുന്നതുകണ്ട് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ദൃക്സാക്ഷിയായ അയൽവാസി മോഹനനും ഭാര്യ അനിതയും കൂറുമാറിയിരുന്നു. ബഷീറിന്റെ ഭാര്യ ആരിഫാ ബീവിയുടെ മൊഴിയാണ് നിർണായകമായത്. പ്രോസിക്യൂഷനുവേണ്ടി പ്രിയൻ, ഡി.ജെ.റക്സ് എന്നിവർ ഹാജരായി.