വെള്ളറട: തമിഴ്നാട്ടിൽ പ്ലാസ്റ്റിക് കച്ചടവം നിരോധിക്കുകയും നടപടികൾ ശക്തമാക്കുകയും ചെയ്തതോടെ കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ വ്യാപകതോതിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിപണനത്തിനെത്തുന്നു. അതിർത്തിക്കപ്പുറത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിരോധിക്കുകയും ഫാക്ടറികൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നിയമനടപടികൾ ശക്തമാക്കുകയും ചെയ്തതോടെയാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ പ്ലാസ്റ്റിക് ക്യാരി ബാഗ് ഉൾപ്പെടെയുള്ള വസ്തുക്കൾ വ്യാപകമായെത്തിയത്. ഇവിടെ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. മലയോരത്തെ മിക്ക പഞ്ചായത്തുകളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും ഉപയോഗം നിരോധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും പ്ലാസ്റ്റിക് നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗവും വിപണനവും പൊടിപൊടിക്കുകയാണ്. ഹോട്ടലുകളിൽ പ്ലാസ്റ്റിക് കവറുകളിലും പ്ലാസ്റ്റിക് പേപ്പറുകളിലുമാണ് ഭക്ഷണം പാഴ്സൽ ചെയ്ത് നൽകുന്നത്. വ്യാപാര സ്ഥാപനങ്ങളിലാകട്ടെ പ്ളാസ്റ്റിക് ക്യാരി ബാഗുകളിൽ തന്നെയാണ് സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.