samghaparivar

പാറശാല: ചെങ്കൽ കാരിയോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ക്ഷേത്ര ചുമതലക്കാരെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തവരെ പിടികൂടാതെ ക്ഷേത്ര ചുമതലക്കാരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തതായി ആരോപിച്ച് സംഘപരിവാറിന്റെ നേതൃത്വത്തിൽ കാരിയോട് മുതൽ കാട്ടിലുവിള ജംഗ്ഷൻ വരെ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. റോഡ് ഉപരോധം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ അക്രമികൾക്ക് ഒത്താശ ചെയ്യുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും കാരിയോട് ക്ഷേത്രത്തിലെ അലങ്കാരങ്ങൾ നശിപ്പിക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്‌ത സി.പി.എം ഗുണ്ടകളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമികൾക്ക് ഒത്താശ ചെയ്യാനാണ് പൊലീസ് ശ്രമമെങ്കിൽ ജില്ലയിലുടനീളം പൊലീസ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വി.വി. രാജേഷ് പറഞ്ഞു. ആർ.എസ്.എസ് താലൂക്ക് സമ്പർക്ക പ്രമുഖ് പി.എച്ച്. ജയകൃഷ്ണൻ, വി.എച്ച്.പി നാരായണ റാവു, ബി.ജെ.പി സംസ്ഥാന സമിതി അംഗം പാച്ചല്ലൂർ അശോകൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശിവകുമാർ, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ജിനചന്ദ്രൻ നായർ, ബി.ജെ.പി ചെങ്കൽ ഏരിയാ പ്രസിഡന്റ് ജയപ്രശാന്ത് എന്നിവർ സംസാരിച്ചു.