തിരുവനന്തപുരം: ആക്കുളം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം) കാമ്പസിൽ ക്വാർട്ടേഴ്സ് നിർമ്മാണത്തിനായി മരം മുറിക്കാൻ നീക്കം. കാമ്പസിന് പിന്നിൽ എയർഫോഴ്സ് കേന്ദ്രത്തിന് താഴെയുള്ള സ്ഥലത്തെ വൻമരങ്ങൾ മുറിച്ചുമാറ്റിയാണ് ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കാനൊരുങ്ങുന്നത് എന്നാണ് വിവരം.
അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ വരും മാസങ്ങളിൽ മരങ്ങൾക്ക് നമ്പരിട്ട് ഇവ മുറിച്ചുമാറ്റുമെന്നാണ് സൂചന. കാമ്പസിലെ ക്വാർട്ടേഴ്സ് നിർമ്മാണത്തിന് കൂടുതൽ മരംമുറിക്കാനുള്ള നീക്കം അന്വേഷിക്കണമെന്ന് നാട്ടുകാരും പറയുന്നു. 18.6 ഏക്കർ കാമ്പസിൽ 50,000 ചതുരശ്ര അടി കെട്ടിടത്തിലാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ പ്രവർത്തനം.
ഉപേക്ഷിക്കപ്പെട്ട കളിമൺ ഖനന സ്ഥലത്തെ കാമ്പസാക്കി മാറ്റുകയായിരുന്നു. മുൻ ഡയറക്ടർ എച്ച്.കെ. ഗുപ്‌തയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. ഭൂമിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രശ്‌നങ്ങൾ സമഗ്രതയോടെ പഠിക്കാനാണ് കേന്ദ്രം ആരംഭിച്ചത്. അഡ്മിനിസ്‌ട്രേഷൻ, ലൈബ്രറി, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം എന്നിവയടങ്ങുന്നതാണ് പ്രധാന കെട്ടിടം. പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന നാല് ബ്ലോക്കുകളുമുണ്ട്. ഇവയിൽ നിന്നൊക്കെ മാറിയ കെട്ടിടത്തിലാണ് കാന്റീനും ഗസ്റ്റ്ഹൗസും പ്രവർത്തിക്കുന്നത്.