
തിരുവനന്തപുരം: പത്തുവയസുള്ള ആൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ച വീട്ടിലെ ഡ്രൈവർക്കെതിര പൊലീസിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി മതാപിതാക്കളുടെ പരാതി. പരാതി നൽകി 10 ദിവസത്തിന് ശേഷമാണ് പ്രതിയായ വലിയവിള നല്ലിയൂർക്കോണം കുളത്തിൻകര പണയിൽ വീട്ടിൽ വിപിനിനെ പൊലീസ് അറസ്റ്റു ചെയ്തതെന്നും തുടർന്ന് സ്റ്റേഷൻ ജാമ്യം നൽകിയെന്നുമാണ് ആക്ഷേപം. വട്ടിയൂർക്കാവ് ഇടവിളാകം ലെയ്ൻ വി.എൻ.ആർ.എ 127/2 പാർവണത്തിൽ പഞ്ചായത്ത് അസി. സെക്രട്ടറിയായ വിനോദ് ചന്ദ്രന്റെയും ഭാര്യ താരാദേവിയുടെയും മകന് നേരെയാണ് ആക്രമണമുണ്ടായത്. ഈമാസം 18ന് വൈകിട്ട് അഞ്ചിന് വീട്ടിൽ വച്ചായിരുന്നു സംഭവം. കുട്ടി വാഹനത്തിന്റെ താക്കോൽ നൽകുന്നതിടെ കൈപിടിച്ച് ഞെരിക്കുകയും കാൽമടക്കി കുട്ടിയെ തറയിൽ തള്ളിയിട്ട് മർദ്ദിച്ചെന്നുമാണ് പരാതി. രാത്രി വേദന സഹിക്കാതെ കുട്ടി കരഞ്ഞതോടെ വീട്ടുകാർ ദേഹപരിശോധന നടത്തിയപ്പോഴാണ് ചതവുകൾ കണ്ടത്. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ക്ഷതങ്ങളുണ്ടെന്ന് കണ്ടെത്തിയതായി വീട്ടുകാർ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് 19ന് പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ നവംബർ മുതലാണ് വിപിൻ വീട്ടിൽ ഡ്രൈവറായെത്തിയത്. തുടർന്ന് ഇടയ്ക്കിടെ കുട്ടിയെ കരാട്ടെ പഠിപ്പിക്കാനെന്ന പേരിൽ ഉപദ്രവിക്കുന്നത് പതിവായിരുന്നു. വീട്ടുകാരോട് പറഞ്ഞാൽ കൂടുതൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാൽ കുട്ടി പേടിച്ച് ആരോടും പറഞ്ഞില്ലെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് ഉൾപ്പെടെ പരാതി നൽകാനാണ് മാതാപിതാക്കളുടെ തീരുമാനം. അതേസമയം കുട്ടിയുടെ മൊഴി അനുസരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയതെന്നും കേസെടുക്കുന്നതിലും നടപടി സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായിട്ടില്ലെന്നും വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു.