തിരുവനന്തപുരം: ചിലരുടെ എതിർപ്പുകൾ കണ്ട്, തൊട്ടാൽ ആപത്താകുമെന്ന് പറഞ്ഞ് വികസന പദ്ധതികളിൽ നിന്ന് സർക്കാർ മാറിനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയ 51 റോഡുകൾ നാടിനു സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ ഭാവിക്ക് ആവശ്യമായവ നടപ്പാക്കുകയെന്നതു സർക്കാരിന്റെ ധർമ്മമാണ്. അതിൽ നിന്ന് ഒളിച്ചോടില്ല.
വികസന പദ്ധതികൾ വേണമെന്നാഗ്രഹിക്കുന്നവരാണു ഭൂരിഭാഗവും. സർക്കാരിനും ഈ നിലപാടാണ്. പദ്ധതികളെ എതിർക്കുന്നവരുടേതാണ് നാടെന്ന് കാണരുത്. സംസ്ഥാനത്ത് ട്രെയിൻ യാത്രയ്‌ക്ക് മുൻപുണ്ടായിരുന്നതിൽ നിന്ന് ഒട്ടും വേഗത കൂടിയിട്ടില്ല. കാസർകോട് നിന്ന് തിരുവനന്തപുരത്തെത്താൻ 12-13 മണിക്കൂർ വേണം. വിലയേറിയ സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. നിലവിലുള്ള റെയിൽവേ ലൈനിൽ വേഗത കൂട്ടാനാകില്ല. അതുകൊണ്ടാണു പുതിയ ലൈനിനെക്കുറിച്ച് ആലോചിക്കുന്നത്. സിൽവർ ലൈനിന് അനുമതി നൽകേണ്ടതു കേന്ദ്രമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ടപ്പോൾ പ്രധാനമന്ത്രിയിൽ നിന്ന് അനുകൂല പ്രതികരണമാണുണ്ടായത്.
കേരളത്തെ വിജ്ഞാന സമൂഹമാക്കാനുള്ള നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്. ഇതിനായി ഒരു വർഷം എന്തു ചെയ്യുമെന്ന കാര്യം ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പിന്തുണയോടെ ഇവ
നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 745 പദ്ധതികളിലായി 2400 കോടിയുടെ റോഡ് നിർമ്മാണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡുകൾ ദീർഘകാലം നിലനിൽക്കുന്ന നിർമ്മാണ പ്രക്രിയയാണു നടത്തുന്നത്. ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള റോഡ് പദ്ധതികളിൽ സ്ഥലമേറ്റെടുപ്പ് ആവശ്യമില്ലാത്തവ അതിവേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതം പറഞ്ഞു.