congress

₹കെ.പി.സി.സി നേതൃത്വത്തിന് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ അംഗത്വ വിതരണത്തിനുള്ള സമയപരിധി പതിനഞ്ച് ദിവസത്തേക്ക് കൂടി എ.ഐ.സി.സി നീട്ടി നൽകി. അംഗത്വ വിതരണത്തിൽ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാനാവാതെ അങ്കലാപ്പിലായിരുന്ന കെ.പി.സി.സി നേതൃത്വത്തിന് ഇത് ആശ്വാസമായി. കാലാവധി ഇന്നലെയാണ് അവസാനിക്കേണ്ടിയിരുന്നത്.

സംസ്ഥാനത്ത് 50 ലക്ഷം പേരെ പാർട്ടി അംഗങ്ങളാക്കുമെന്നാണ് കെ.പി.സി.സി നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തുടക്കത്തിലെ ആലസ്യം അംഗത്വവിതരണത്തിൽ കാര്യമായി മുന്നേറ്റമുണ്ടാക്കുന്നതിന് വിഘാതമായി. കോൺഗ്രസിൽ ചേരാൻ ആളില്ലെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരണങ്ങളുമുണ്ടായി. ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നേതൃത്വം തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിനയായത്. അംഗത്വവിതരണം തുടങ്ങാനും വൈകി. എ.ഐ.സി.സി ആദ്യം നിർദ്ദേശിച്ചത് ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പെയിനായിരുന്നു. ചുമതലക്കാർക്ക് ഇതിനായുള്ള പരിശീലന ക്ലാസൊക്കെ തുടങ്ങുന്നതിന് കാലതാമസമെടുത്തതും തിരിച്ചടിയായി.

ഇപ്പോൾ ഡിജിറ്റൽ, പേപ്പർ അംഗത്വവിതരണം ഒരുപോലെ പുരോഗമിക്കുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഏകദേശം മൂന്നര ലക്ഷം പേർ ഡിജിറ്റൽ അംഗത്വം നേടിയിട്ടുണ്ട്. പേപ്പർ അംഗത്വത്തിന്റെ കൃത്യമായ കണക്ക് പിന്നീടേ ലഭിക്കൂ. സമയ പരിധി ഇന്നലെ അവസാനിക്കുമെന്ന കണക്കുകൂട്ടലിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അംഗത്വവിതരണം ജില്ലകളിൽ സജീവമായിരുന്നു. തിരുവനന്തപുരത്ത് ഡിജിറ്റൽ, പേപ്പർ അംഗത്വം ഇതിനകം 1.30 ലക്ഷമായി. ഡി.സി.സി മുതൽ താഴോട്ടുള്ള പുന:സംഘടന നടക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങൾ വരെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യതയും വർദ്ധിച്ചു.