photo1

പാലോട്: ചെറ്റച്ചൽ ജഴ്സിഫാമിലെ കൂറ്റൻ പാലമരത്തിനു മുകളിൽ കുടുങ്ങിയ ഫാം തൊഴിലാളിയെ വിതുര ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഫാമിനുള്ളിലെ 60 അടിക്ക് മുകളിൽ ഉയരമുള്ള പാലമരത്തിനു മുകളിൽ തോലിറക്കുന്നതിനു വേണ്ടി കയറിയ വിതുര മേലേകൊപ്പം സ്വദേശി അംജിത് മരത്തിനു മുകളിൽ വച്ച് കാലിനു ഗുരുതരമായി പരിക്കേറ്റ് മരത്തിനു മുകളിൽ കുടുങ്ങുകയായിരുന്നു. മരക്കൊമ്പുകൾ മുറിച്ചിറക്കുന്നതിനായി കൈയിൽ കരുതിയ കപ്പി അതിശക്തമായി കാലിൽ അടിച്ചാണ് പരിക്കേറ്റത്. തുടർന്ന് സ്ഥലത്തെത്തിയ വിതുര ഫയർ ഫോഴ്സ് അംജിത്തിനെ താഴെയിറക്കി ഫയർ ഫോഴ്സ് ആംബുലൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിതുര ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുജീഷാണ് മരത്തിനു മുകളിൽ കയറി അംജിത്തിനെ താഴെയിറക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർമാൻമാരായ അശോക് കുമാർ, സതികുമാർ, ബിജു, വിനീത്, അരുൺ, സജിത്ത്, സുജിത്, അനൂപ്, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.