treasury-fraud

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ദിനമായ ഇന്നലെ സംസ്ഥാനത്തെ ട്രഷറികളിൽ ബില്ലുകൾ മാറികൊടുക്കുന്ന തിരക്ക് അർദ്ധരാത്രിവരെ നീണ്ടു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 8000 കോടിയുടെ ബില്ലുകളാണ് മാറിയത്. ബുധനാഴ്ച വൈകിട്ട് 5വരെ നൽകിയ എല്ലാ ബില്ലുകളും പാസാക്കി നൽകുന്ന തിരക്കിലായിരുന്നു ട്രഷറികൾ. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും പരിധികളില്ലാതെ ബില്ലുകൾ മാറി നൽകി. മുൻവർഷങ്ങളിൽ 50 ലക്ഷത്തിനു മേൽവരുന്ന ബില്ലുകൾ മാറി നൽകാൻ നിയന്ത്രണങ്ങളുണ്ടായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എകദേശം എല്ലാ പേയ്‌മെന്റുകളും നൽകാനായെന്ന് ഇന്നലെ വൈകിട്ട് തലസ്ഥാനത്തെ മെയിൻ ട്രഷറി ഒാഫീസ് സന്ദർശിച്ചശേഷം ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. മാർച്ചു മാസം റെക്കാഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്. 22,000 കോടിയുടെ ബില്ലുകളും ചെക്കുകളുമാണ് മാറി നൽകിയത്.

വെല്ലുവിളികൾക്കിടയിലും സംസ്ഥാനത്തെ പ്ലാൻ ചെലവുകൾ നൂറു ശതമാനത്തിനടുത്തെത്തി. ഏകദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറു ശതമാനത്തിലേറെ ചെലവാക്കിയ വർഷമാണ് കടന്നു പോകുന്നത്. സാങ്കേതിക കാരണങ്ങളാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഗ്യാപ് ഫണ്ടിന്റേയും ക്യാരി ഓവർ ചെയ്ത ചെലവുകളുടെ ആദ്യ ഗഡുവിന്റെയും ബില്ലുകൾ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇവ പുതിയ സാമ്പത്തിക വർഷം ആദ്യം തന്നെ പാസാക്കി നൽകുമെന്നും ധനമന്ത്രി പറഞ്ഞു.