
 പ്രതികൾ അരുംകൊലയ്ക്ക് മടിയില്ലാത്തവരും ലഹരിക്ക് അടിമകളും
തിരുവനന്തപുരം: ജനജീവിതത്തെ ഭീതിയിലാക്കി നഗരത്തിൽ വീണ്ടും അരുംകൊല. ഇന്നലെ ചാക്കയിൽ കൊല്ലപ്പെട്ട സുമേഷ് കൊലക്കേസ് പ്രതിയാണെന്നത് സംഭവത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു. ഫെബ്രുവരി 6ന് പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനിതയെ കന്യാകുമാരി സ്വദേശി രാജേന്ദ്രൻ ചെടിവാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെയും 25ന് പട്ടപ്പകൽ തമ്പാനൂരിലെ ഹോട്ടൽ റിസപ്ഷനിസ്റ്റ് അയ്യപ്പനെ ക്രിമിനൽ കേസ് പ്രതി അജീഷ് വെട്ടിനുറുക്കിയതിന്റെയും ഞെട്ടൽ മാറുന്നതിന് മുമ്പേയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ചാക്കയിൽ വാഹനമിടിച്ചുള്ള കൊലപാതകവും അരങ്ങേറിയത്.
മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിക്ക് അടിമകളാണ് ഇത്തരം സംഭവങ്ങളിൽ പ്രതികളാകുന്നത്. ചാക്കയിൽ ബുധനാഴ്ച രാത്രി ഒന്നോടെയുണ്ടായ സംഭവത്തിലെ പ്രതികളും മദ്യലഹരിയിലായിരുന്നു. ഒറ്രനോട്ടത്തിൽ വാഹനാപകടമാണെന്ന് തോന്നുമെങ്കിലും ബോധപൂർവമുള്ള അപകടമാണെന്ന് പിന്നാലെയാണ് പൊലീസിന് മനസിലായത്. മുൻവൈരാഗ്യമില്ലെന്നും ബാറിൽവച്ചുണ്ടായ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പ്രാഥമികമായി പറയുമ്പോഴും വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂ.
പൊലീസ് കസ്റ്റഡിയിലെടുത്ത പാലോട് സ്വദേശികളായ റെജി, നിഹാസ്, കാട്ടാക്കട സ്വദേശി ഷമീം എന്നിവരുടെ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. സുമേഷ് പ്രതിയായ കൊലക്കേസുമായോ മറ്റ് കേസുകളുമായോ ബന്ധമുള്ളവർ നൽകിയ ക്വട്ടേഷനാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ചാക്ക മുതൽ ഈഞ്ചയ്ക്കൽ വരെയുള്ള സി.സി ടി.വികൾ പരിശോധിച്ചതിൽ നിന്നാണ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
കൊവിഡിന്റെ മറവിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവും ലഹരിവസ്‌തുക്കളും വൻതോതിൽ നഗരത്തിലെത്തുന്നത് പതിവാണെന്ന് എക്‌സൈസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ലഹരിക്കടിമപ്പെട്ട ക്രിമിനലുകളുടെ എണ്ണം വർദ്ധിച്ചെന്ന് പൊലീസും പറയുന്നു. ഈ സാഹചര്യത്തിൽ ലഹരിക്കും ഗുണ്ടകൾക്കും ഒരുപോലെ മൂക്കുകയറിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ജനത്തിന്റെ സ്വൈര്യജീവിതത്തിന് തടസമാകും.