ബാലരാമപുരം: ചൂതാട്ടത്തിനെ തുടർന്നുണ്ടായ തർക്കത്തിൽ വൃദ്ധന് വെട്ടേറ്റു. ഇന്നലെ വൈകിട്ട് 4 ഓടെയാണ് സംഭവം. അന്തിയൂർ ചെട്ടിക്കുഴിവിളാകത്ത് വീട്ടിൽ മനോഹരനാണ് (65)​ വെട്ടേറ്റത്. സംഭവത്തിൽ ഇടമനക്കുഴി റോഡരികത്ത് വീട്ടിൽ ശിവപ്രസാദിനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. മനോഹരന്റെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ഇവിടെ മദ്യപാനവും ചൂതാട്ടവും പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ചൂതുകളിക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് മനോഹരനെ വെട്ടുകത്തികൊണ്ട് പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ മനോഹരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.