
തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിൽ കഴിഞ്ഞ വർഷമുണ്ടായ ഓയിൽ ചോർച്ചയെത്തുടർന്ന് തൊഴിൽ നഷ്ടമുണ്ടായ മത്സ്യത്തൊഴിലാളികൾക്ക് പ്രതിദിനം 700 രൂപ പ്രകാരം രണ്ടു ദിവസത്തേക്കുള്ള 1400 രൂപ അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ വർഷം ഫെബ്രുവരി 10നാണ് ടൈറ്റാനിയം ഫർണസ് ഓയിൽ ചോർച്ചയുണ്ടായത്. ഇതേത്തുടർന്ന് രണ്ടു ദിവസം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചത്.