കൽപ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് സി.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്ന് കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിഡിഎസ് ചെയർപേഴ്സൺ സ്ഥാനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ജില്ലാ നേതൃത്വം യാതൊരു തീരുമാനവും എടുത്തിരുന്നില്ലെന്നും ഏകപക്ഷീയമായിട്ടാണ് മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി സിഡിഎസ് ചെയർപേഴ്സൺ സ്ഥാനം മുസ്ലീം ലീഗിനാണെന്ന അവകാശവാദം പൊള്ളയാണ്. സിപിഎമ്മുമായി യാതൊരു ധാരണയും കോൺഗ്രസ് ഉണ്ടാക്കിയിട്ടില്ലെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടയിൽ 3 വർഷം മാത്രമാണ് ലീഗ് പ്രതിനിധി സിഡിഎസ് ചെയർപേഴ്സൺ ആയിട്ടുള്ളത്. ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മത്സരരംഗത്ത് നിന്ന് കോൺഗ്രസ് മാറി നിൽക്കുകയാണുണ്ടായത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗ് വിജയിച്ച വാർഡിൽ നിന്ന് സി.ഡി.എസ്സിലേക്ക് മത്സരിച്ച് വിജയിച്ച ലീഗിലെ വിമത തന്നെയാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചത്.