kelu-mla
ഒ.ആർ. കേളു

കൽപ്പറ്റ: സി.പി.എമ്മിന്റെ അമരത്തേക്ക് ഒ.ആർ.കേളു. ഇന്നലെ സമാപിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തിൽ വയനാട്ടിൽ നിന്നുളള ഒ. ആർ.കേളു എം.എൽ.എയെ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഇതോടെ വയനാട്ടിൽ നിന്ന് മൂന്ന് പേർ സംസ്ഥാന കമ്മറ്റിയിലെത്തി. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി പി.ഗഗാറിൻ എന്നിവരാണ് മറ്റ് സംസ്ഥാന കമ്മറ്റി അംഗങ്ങൾ.

ആദിവാസി ജില്ല എന്ന പരിഗണനയ്ക്ക് പുറമെ കേളുവിന്റെ മാതൃകാപരമായ ജനസേവന രീതിയാണ് സി.പി.എം സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ കാരണം.

പൊതു പ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഒ.ആർ.കേളുവിന്റെ ഇടപെടലുകൾ അദ്ദേഹത്തെ തേടി അംഗീകാരങ്ങൾക്ക് അർഹനാക്കി. സംസ്ഥാന സമ്മേളനത്തിൽ പ്രസീഡിയത്തിലേക്കും ഒ.ആർ.കേളു എത്തി.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽ നിന്ന് 2000 ൽ ഗ്രാമപഞ്ചായത്ത് മെമ്പറായി. തുടർന്ന് 2005ലും, 2010 ലും തുടർച്ചയായി 10 വർഷക്കാലം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2015 ൽ തിരുനെല്ലി ഡിവിഷനിൽ നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മിയെ തോൽപ്പിച്ച് മാനന്തവാടി എംഎൽഎയായി.

2021 ലെ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡന്റും, പട്ടികജാതിപട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാനും, കേരള വെറ്ററനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗവുമാണ്. ഭാര്യ ശാന്ത. മക്കൾ: മിഥുന, ഭാവന.