കൽപ്പറ്റ: ജനങ്ങളെ തുരന്ന് അനധികൃതമായി നേടിയ വസ്തുവകകൾ കേന്ദ്ര സർക്കാർ തിരിച്ചു പിടിക്കുമെന്ന് രാജ്യസഭാ എം.പി യും കേന്ദ്ര ഗോത്രവർഗ്ഗ കൺസൾട്ടൻസി അംഗവുമായ സുരേഷ് ഗോപി. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ബിജെപി പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാമി സ്വത്ത് കണ്ടുകെട്ടുന്ന ബിൽ ഉടനടി അവതരിപ്പിക്കുമെന്നും അതിനായി പ്രധാനമന്ത്രിക്ക് കത്തയയ്ക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.
രാജ്യസഭയിലെ തന്റെ ആദ്യ സംസാരം വയനാടിന് വേണ്ടിയായിരുന്നു. കരിന്തണ്ടൻ സ്മൃതിക്ക് വേണ്ടി. പട്ടിക വിഭാഗക്കാർക്ക് ഇനി ഒന്നും ആവശ്യമില്ല എന്ന രീതിയിലാണ് ചില ഉദ്യോഗസ്ഥർ പെരുമാറുന്നത്. അവരെ ഞാൻ അട്ടപ്പാടിയിലേക്ക് വരുവാനായി വെല്ലുവിളിച്ചിട്ടുണ്ട്. ആസ്പിരേഷൻ ജില്ലാ പദ്ധതിയെ വേണ്ടന്ന് പറഞ്ഞവരാണ് കേരളം ഭരിക്കുന്നത്. പിന്നീട് സമരത്തിലൂടെ അത് തിരുത്താനായി. ബി.ജെ.പി പ്രവർത്തകർ വഴി ലഭിക്കുന്ന വയനാട്ടുകാരുടെ നിവേദനങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാറുമ്മൽകടവ് കോളനി, കോട്ടത്തറ ആനേരി കോളനി, പള്ളിയറ തറവാട്, എൻ ഊര്, കൽപ്പറ്റ പണിയ കോളനി, വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ജില്ലാ അദ്ധ്യക്ഷൻ കെ.പി.മധു, ജനറൽ സെക്രട്ടറിമാരായ കെ.മോഹൻദാസ്, കെ.ശ്രീനിവാസൻ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പള്ളിയറ മുകുന്ദൻ, കെ.സദാനന്ദൻ, പി.ജി.ആനന്ദ്കുമാർ, ലക്ഷ്മി കക്കോട്ടറ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.