മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ ജനവാസ കേന്ദ്രമായ കല്ലിയോട് കടുവ ഇറങ്ങി. ഇന്നലെ രാവിലെ തേയില തോട്ടം മേഖലയായ ജെസ്സി മുസ്ലീം പള്ളിക്ക് സമീപമാണ് കടുവയെ കണ്ടത്. വൈകീട്ട് 4.30 ഒാടെ പടക്കം പൊട്ടിച്ച് കടുവയെ തുരത്താൻ വനപാലകർ ശ്രമിച്ചെങ്കിലും കടുവ തൊട്ടടുത്ത കാട്ടിലേക്ക് മാറി. മണിക്കൂറുകൾ തൊട്ടുമുമ്പിൽ കടുവയുണ്ടായിട്ടും ജനങ്ങളുടെ ജീവന് സംരക്ഷണമൊരുക്കാതെ അധികൃതർ നിസംഗത കാണിച്ചതായി നാട്ടുകാർ കുറ്റപ്പെടുത്തി. നടപടി ക്രമങ്ങൾ പാലിച്ച് ഉടൻ പ്രശ്ന പരിഹാരം കാണുമെന്ന് ഡിഎഫ്ഒ അറിയിച്ചു.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ പിലാക്കാവ്, ജെസി, കല്ലിയോട്ട്, ചോയിമൂല ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജെസ്സി തോയിലത്തോട്ടത്തിൽ തേയില ചെടിക്കടിയിൽ കിടക്കുന്ന നിലയിലാണ് കടുവയെ കണ്ടെത്തിയത്. നോർത്ത് വയനാട് ഡി.എഫ്.ഒ ദർശൻ ഘട്ടാനിയുടെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി കടുവയെ തുരത്താനുള്ള നടപടി സ്വീകരിച്ചു. വൈകീട്ട് ബത്തേരിയിൽ നിന്നുള്ള ആർ.ആർ.ടി സംഘവും ഡ്രോണും സ്ഥലത്തെത്തി. മൃഗങ്ങളെ ഓടിക്കുന്ന പ്രത്യേക തരം പടക്കം പൊട്ടിച്ച് കടുവയെ കാട് കയറ്റാനുള്ള നടപടി തുടങ്ങിയെങ്കിലും കടുവ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് കടുവ മാറുകയായിരുന്നു.

മാനന്തവാടി നഗരസഭാ പരിധിയിലെ കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.